ആനക്കുട്ടിയുടെ ആക്രമണം; പരിക്ക്

Saturday 19 July 2025 12:11 AM IST
ആനക്കുട്ടിയുടെ ആക്രമണത്തിൽ പരികേറ്റ് കുറ്റ്യാടി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് ഭാഗത്ത് എത്തിയ കുട്ടിയാനയുടെ ആക്രമണം തുടരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടി മുട്ടിച്ചിറ തങ്കച്ചൻ്റെ വീട്ടുമുറ്റത്തെത്തി ഇദ്ദേഹത്തിൻ്റെ ഭാര്യ ആനിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. ബഹളം വച്ച തങ്കച്ചനെ ചവിട്ടി. കൈകൾക്കും മറ്റും സാരമായ പരിക്കേറ്റ തങ്കച്ചനും ഭാര്യയും കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ചൂരണി ഭാഗത്തെ കാട്ടാന കുട്ടിയെ ആന വളർത്ത് കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സി പി.എം ചാത്തൻകോട്ടുനട ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ക്യാമ്പ് ഏർപ്പെടുത്തിയെങ്കിലും ആനകുട്ടി കരിങ്ങാട് ഭാഗത്തേക്ക് മാറുകയാണ് ഉണ്ടായതെന്ന് കരുതുന്നു.