കോഴിഫാമിനെതിരെ നാട്ടുകാരുടെ പ്രതിഷേധ സമരം

Friday 18 July 2025 11:15 PM IST

മല്ലപ്പള്ളി:കോട്ടാങ്ങൽ വായ്പ്പൂര് മൂന്നാം വാർഡിലെ അനധികൃത കോഴി ഫാം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കോട്ടാങ്ങൽ പഞ്ചായത്ത് ഒാഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി. നൂറുകണക്കിന് വീടുകളുള്ള പ്രദേശത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫാം നടത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ദുർഗന്ധവും ഈച്ചയും മൂലം പ്രദേശവാസികൾ സാംക്രമികരോഗഭീഷണിയിലാണ്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പ്രവർത്തനം. ഹെൽത്ത് ഇൻസ്‌പക്ടറുടെ റിപ്പോർട്ട് അവഗണിച്ചാണ് ഡി.എം.ഒ അനധികൃതമായി അനുമതി കൊടുത്തതെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയില്ല. എത്രയും വേഗം ഫാം അടച്ചുപൂട്ടുന്നതിന് നടപടിയെടുത്തില്ലെങ്കിൽ പത്തനംതിട്ട ഡി എം ഒ ഓഫീസിലേക്ക് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമരസമതി പ്രവർത്തകർ മുന്നറിയിപ്പു നൽകി. കോട്ടാങ്ങൽ പഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസിന് സമരസമിതി നിവേദനം നൽകി. പ്രതിഷേധ പരിപാടി ഇല്യാസ് വായ്പ്പൂര് ഉദ്ഘാടനം ചെയ്തു. സുബൈർകുട്ടി പുതുപ്പറമ്പിൽ മുഖ്യ പ്രസംഗം നടത്തി, പ്രസീത, ഷാജി ചീരംകുളം,റെജിമോൻ വി.കെ, ഇസ്മായിൽ റാവുത്തർ, തോമസ് സെബാസ്റ്റ്യൻ, റിയാസ് സി.ഐ. ഹംസാക്കുട്ടി, റഹ്മത്ത് കെ.എച്ച് സിയാദ് സലിം, ഇബ്രാഹിം ചീരംകുളം തുടങ്ങിയവർ പങ്കെടുത്തു.