ഇലക്ട്രോണിക് മാലിന്യം ഹരിതകർമ്മ സേന ശേഖരിക്കും

Friday 18 July 2025 11:22 PM IST

പത്തനംതിട്ട : വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഹരിത കർമ്മസേന ഇലക്ട്രോണിക് മാലിന്യം ശേഖരിക്കുന്ന പദ്ധതി ജില്ലയിലേക്കും . മാലിന്യത്തിന് വിലയും നൽകും. സംസ്ഥാനത്ത് നഗരസഭാതലങ്ങളിൽ ഈ മാസം 15 മുതൽ ശേഖരണം ആരംഭിച്ചു. ആഗസ്റ്റ് 15 വരെ നടക്കുന്ന ശേഖരണം ജില്ലയിലെ എല്ലാ നഗരസഭകളിലും നടപ്പാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലീൻ കേരള കമ്പനിയാണ് ഹരിത കർമ്മസേനയിൽ നിന്ന് ഇ- മാലിന്യങ്ങൾ ഏറ്റെടുക്കുന്നത്. ശുചിത്വ മിഷൻ , ഹരിതകേരള മിഷൻ , കുടുംബശ്രീ മിഷൻ എന്നിവയുടെ പിന്തുണയോടെയും അതാത് നഗരസഭകളുടെ നേതൃത്വത്തിലുമാണ് ശേഖരണം നടപ്പിലാക്കുന്നത്.

മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് വില നൽകുക. . രണ്ടാംഘട്ടത്തിൽ പദ്ധതി പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പുനരുപയോഗത്തിന് യോഗ്യമായ മാലിന്യത്തിനാണ് പണം ലഭിക്കുക.

ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളിൽ ഹരിതകർമ്മസേനാംഗങ്ങൾക്ക് പരിശീലനം നൽകും. നഗരസഭകളിൽ ഹരിത കർമ്മ സേനാംഗങ്ങൾ , കുടുംബശ്രീ ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് ശേഖരണം സംബന്ധിച്ച് ശുചിത്വ മിഷനും ക്ലീൻ കേരളാ കമ്പനിയും ചേർന്ന് പരിശീലനം നൽകും. പന്തളം നഗരസഭയിൽ 19 നും പത്തനംതിട്ട നഗരസഭയിൽ 21നും , അടൂർ , തിരുവല്ല നഗരസഭകളിൽ 22നും പരിശീലനം നടക്കും.

ശേഖരിക്കുന്നത് 44 ഇനങ്ങൾ

@ അപകടരമല്ലാത്ത ഇലക്ട്രോണിക്ക് ,ഇലക്ട്രിക്കൽ ഗണത്തിൽപ്പെടുന്ന നാൽപ്പത്തിനാല് ഇനങ്ങളാണ് ശേഖരിക്കുന്നത്.

@ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഹരിതകർമ്മ സേന മുഖേന വർഷത്തിൽ രണ്ട് തവണ ഇ മാലിന്യം ശേഖരിക്കുന്നതിന് ക്രമീകരണമുണ്ട്.

@ ഹരിതകർമ്മസേനയ്ക്ക് കൈമാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനാണ് അവയ്ക്ക് വില നൽകാൻ തീരുമാനിച്ചത്. @ മാലിന്യം എം.സി.എഫിൽ സൂക്ഷിക്കും. ശേഷം ക്ലീൻ കേരള കമ്പനിയിലേക്ക് കൈമാറും. ശേഷം ശാസ്ത്രീയ പുനരുപയോഗത്തിന് അയയ്ക്കും.

@അപകടകരമായ ഇ മാലിന്യങ്ങൾ അമ്പലമുകളിലെ കേരളാ എൻവയോൺമെന്റ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ്(കെയിൽ ) മുഖാന്തിരം സംസ്‌കരിക്കും. അതിനുള്ള തുക നഗരസഭകളിൽ നിന്ന് ക്ലീൻ കേരളാ കമ്പനിക്ക് നൽകണം.

---------------------------------

സംസ്ഥാനം മുഴുവൻ നടക്കുന്ന പദ്ധതിയാണിത്. അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഇ മാലിന്യങ്ങൾ പരിസ്ഥിതിക്കുണ്ടാക്കുന്ന അപകടം കുറയ്ക്കാൻ വേണ്ടിയാണ് ഇവ ശേഖരിക്കുന്നത്.

എം.ബി. ദിലീപ് കുമാർ

ക്ലീൻ കേരളാ കമ്പനി ജില്ലാ മാനേജർ