റിലയൻസ് ഇൻഡസ്ട്രീസ് അറ്റാദായത്തിൽ വൻ കുതിപ്പ്
അറ്റാദായം 78 ശതമാനം ഉയർന്ന് 26,994 കോടി രൂപയായി
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ 78.31 ശതമാനം ഉയർന്ന് 26,994 കോടി രൂപയിലെത്തി. ലിസ്‌റ്റ് ചെയ്ത ധനകാര്യ ഉത്പന്നങ്ങളുടെ വിൽപ്പനയിലൂടെ നേടിയ ലാഭമാണ് കമ്പനിക്ക് ലോട്ടറിയായത്. ഇതാെഴിവാക്കിയാൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ 25 ശതമാനം വർദ്ധനയുണ്ട്.
മൊത്തം പ്രവർത്തന വരുമാനം 5.3 ശതമാനം ഉയർന്ന് 2.49 ലക്ഷം കോടി രൂപയായി. പലിശ, നികുതി, ഡിപ്രീസിയേഷൻ, അമോർട്ടൈസേഷൻഎന്നിവയ്ക്ക് മുൻപായുള്ള വരുമാനം(എബിറ്റഡ) 36 ശതമാനം വർദ്ധനയോടെ 58,024 േകാടി രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റാദായമാണ് ഇത്തവണ കൈവരിച്ചത്.
ജിയോ പ്ളാറ്റ്‌ഫോമിന്റെ വരുമാനം 18.8 ശതമാനം ഉയർന്നു. ജിയോയുടെ പ്രതിയോഹരി ഉപഭോക്തൃ വരുമാനം(എ.ആർ.പി.യു) 208.8 രൂപയിലേക്ക് ഉയർന്നു. ജിയോ റീട്ടെയിലിന്റെ വരുമാനം 11.3 ശതമാനം വർദ്ധിച്ച് 84,171 കോടി രൂപയിലെത്തി. ജിയോയുടെ 5ജി ഉപഭോക്താക്കളുടെ എണ്ണം 20 കോടി കവിഞ്ഞു.