കല്ലുവെട്ടാംകുഴി സ്കൂളിലുമുണ്ട് അപകടഭീഷണിയായി വൈദ്യുതി ലൈൻ

Saturday 19 July 2025 12:52 AM IST

കുളത്തൂപ്പുഴ: ജി.എച്ച്.എസ്.എസ് കല്ലുവെട്ടാംകുഴി സ്കൂളിലും കെ.എസ്.ഇ.ബിയുടെ അനാസ്ഥയിൽ ഏതു സമയത്തും അപകടം ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്. സ്കൂളിന്റെ പുറകുവശത്തെ മതിലിന് സമീപത്തുകൂടി പോകുന്ന വൈദ്യുതി ലൈനാണ് അപകട ഭീഷണിയാകുന്നത്. സ്കൂളിന് തൊട്ടടുത്ത സ്വകാര്യ വസ്തുവിൽ നിൽക്കുന്ന ഒരു മാവിന്റെ ശിഖരങ്ങൾ പൂർണമായും സ്കൂളിന്റെ കെട്ടിടത്തിലേക്ക് വളർന്നുനിൽക്കുകയാണ്. മാമ്പഴ സീസൺ ആകുമ്പോൾ മാമ്പഴം പറിക്കാൻ കുട്ടികൾ മതിലിലേക്ക് കയറാറുണ്ട്. ഭാഗ്യം കൊണ്ടുമാത്രമാണ് ഇതുവരെ അപകടങ്ങളൊന്നും സംഭവിക്കാത്തത്. വൈദ്യുതി ലൈൻ ഈ മരത്തിൽ ഉരസിയാണ് ഇപ്പോഴും നിൽക്കുന്നത്.

നാട്ടുകാർ നിരവധി തവണ കെ.എസ്.ഇ.ബി. അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. പരാതികൾ വർദ്ധിച്ചപ്പോൾ ഒരു ശിഖരം മാത്രം മുറിച്ചുമാറ്റുകയാണ് കെ.എസ്.ഇ.ബി ചെയ്തത്. കൂടാതെ, വൈദ്യുതി പോസ്റ്റിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന ലൈനും സ്കൂളിലുള്ള ചെറിയ തേക്ക് മരത്തിൽ പൂർണമായും തട്ടിയാണ് പോകുന്നത്. ഈ വിഷയത്തിൽ കെ.എസ്.ഇ.ബി അടിയന്തരമായി ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം.