മണിക്കൂറുകള്‍ കൊണ്ട് അദാനിയുടെ പോക്കറ്റിലെത്തിയത് 10900 കോടി; സംഭവം ഇങ്ങനെ

Saturday 19 July 2025 12:03 AM IST

വില്‍മര്‍ ഇന്റര്‍നാഷണലുമായുള്ള എല്ലാ ബിസിനസ് ബന്ധവും അവസാനിപ്പിച്ച് അദാനി ഗ്രൂപ്പ്. അവശേഷിച്ചിരുന്ന ഓഹരികളും വിറ്റതോടെയാണിത്. ജൂലായ് 17ന് 7150 കോടി രൂപയ്ക്കാണ് ഓഹരികള്‍ വിറ്റഴിച്ചത്. 20 ശതമാനം വരും ഇത്. വില്‍മറിന്റെ തന്നെ അനുബന്ധ കമ്പനിയായ ലെന്‍സ് പിടിഇ ലിമിറ്റഡ് ആണ് അദാനി ഗ്രൂപ്പ് വിറ്റഴിച്ച ഓഹരികള്‍ വാങ്ങിയത്. വെള്ളിയാഴ്ച ബാര്രിയുണ്ടായിരുന്ന 10.42 ശതമാനം ഓഹരികള്‍ 3733 കോടി രൂപയ്ക്കാണ് അദാനി വിറ്റഴിച്ചത്.

അവശേഷിച്ച ഓഹരിയും വിറ്റതോടെയാണ് ഫലത്തില്‍ അദാനി ഗ്രൂപ്പും വില്‍മര്‍ ഇന്റര്‍നാഷണലും തമ്മിലുള്ള എല്ലാ ബിസിനസ് ബന്ധവും അവസാനിച്ചത്. എഫ്.എം.സി.ജി ബിസിനസില്‍ നിന്ന് ലഭ്യമാകുന്ന ലാഭത്തേക്കാള്‍ കൂടുതല്‍ ലാഭം ലഭിക്കുന്ന മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പിന്‍മാറ്റം.

സംയുക്ത സംരംഭത്തില്‍ അദാനി ഗ്രൂപ്പിനും വില്‍മറിനും 44 ശതമാനം വീതമായിരുന്നു ഓഹരി പങ്കാളിത്തം. ജനുവരിയില്‍ കമ്പനിയിലെ 13.5 ശതമാനം ഓഹരികള്‍ 4,855 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് വില്‍മറിന് കൈമാറിയിരുന്നു. എ.ഡബ്ല്യു.എല്‍ അഗ്രി ബിസിനസ് ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കിയിരുന്നു.

വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ നിന്ന് 21 ശതമാനം വര്‍ധിച്ച് 17,059 കോടി രൂപയിലെത്തി. ഭക്ഷ്യഎണ്ണ വില്‍പനയില്‍ നിന്നാണ് കമ്പനിയുടെ വരുമാനത്തിന്റെ ഏറിയപങ്കും, 13,415 കോടി രൂപ. ഇന്നലെ ഉണര്‍വിലായിരുന്ന ഓഹരികള്‍ ഇന്ന് 1.5 ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.