സഹപാഠിയുടെ കുരുമുളക് സ്‌പ്രേ പ്രയോഗത്തിൽ 10 പേർക്ക് പരിക്ക്

Saturday 19 July 2025 12:16 AM IST

അടിമാലി: ബൈസൺവാലി ഹയർ സെക്കൻഡറി സ്‌കൂളിൽ സഹപാഠി കുരുമുളക് സ്‌പ്രേ തളിച്ചതിനെ തുടർന്ന് പത്തു വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10ന് സ്‌കൂളിന്റെ മുന്നിലായിരുന്നു സംഭവം .

അടിമാലി സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥി ബസിൽ വന്നിറങ്ങിയ ഉടൻ തങ്ങളുടെ മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാൻ പെൺകുട്ടിയുടെ മാതാപിതാക്കൾ മുന്നോട്ടുവന്നു. അവർക്കു നേരെയാണ് വിദ്യാർത്ഥി ആദ്യം കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. സമീപത്തു നിന്ന പത്തിലധികം വിദ്യാർത്ഥികളുടെ ദേഹത്ത് സ്‌പ്രേ തെറിച്ചു. കുറച്ചു സമയത്തിനു ശേഷം ഇവർക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആറ് പേരെ അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ട് പേരെ മുല്ലക്കാനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും രണ്ട് പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.