വാഹന പിഴയിലും സൈബർ തട്ടിപ്പ് , ജാഗ്രത പാലിക്കണം
തിരുവനന്തപുരം: മോട്ടർ വാഹന വകുപ്പിന്റെ എം-പരിവാഹൻ ആപ്പിന്റെ പേരിൽ സൈബർ തട്ടിപ്പ് വ്യാപകം.നിരവധി പേരുടെ പണം നഷ്ടമായതോടെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്,മോട്ടോർ വാഹനവകുപ്പ്,സൈബർ വിഭാഗം എന്നിവ അറിയിച്ചു.എറണാകുളം,തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടത്. തലസ്ഥാനത്ത് അടുത്തിടെ 1.5 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു.
വാഹനങ്ങളുടെ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് വാട്സാപ്പ് വഴി സന്ദേശമെത്തുന്നത്. എ.ഐ ക്യാമറ വഴിയോ പൊലീസിന്റെ സ്പീഡ് ക്യാമറ വഴിയോ കണ്ടെത്തിയ നിയമലംഘനം,നോ പാർക്കിംഗ് പിഴ, നേരിട്ടുള്ള വാഹന പരിശോധനയിലെ ഇ- ചെല്ലാൻ എന്ന വ്യജേനയാണ് സന്ദേശമെത്തുന്നത്
സന്ദേശം തുറന്ന് നോക്കുമ്പോൾ
പിഴത്തുക അടയ്ക്കാൻ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും.ഇത് ഡൗൺലോഡ് ചെയ്താൽ, ആ നമ്പറിൽ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ പണം നഷ്ടപ്പെടും.
വാട്ട്സ് ആപ്പിൽ പിഴ
അറിയിക്കാറില്ല
വാട്ട്സ് ആപ്പ് വഴി പൊലീസോ ,മോട്ടോർ വാഹന വകുപ്പോ ചെല്ലാൻ അയക്കാറില്ല.തട്ടിപ്പ് സന്ദേശത്തിൽ ചെല്ലാൻ നമ്പർ 14 അക്കമാണ്. യഥാർത്ഥ ചെല്ലാനിൽ 19 അക്കമുണ്ട്.
പരിവാഹന് എ.പി.കെ ഫയൽ ഇല്ല. പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവ വഴി മാത്രമേ പരിവാഹൻ ആപ് ഇൻസ്റ്റാൾ ചെയ്യാനാകൂ
ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നു മാത്രം ഇ ചെല്ലൻ വിവരങ്ങൾ സ്വീകരിക്കുക. പിഴ അടയ്ക്കാനുള്ള സന്ദേശം ലഭിച്ചാൽ, ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുക.
ഇത്തരത്തിൽ വരുന്ന സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടാൽ നൽകരുത്.
സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിൽ ഒരു മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്യണം.