രണ്ട് റോഡുകൾ വെള്ളത്തിനടിയിൽ; കാഞ്ഞങ്ങാട്ട് യാത്രാ ദുരിതം തീരുന്നില്ല

Saturday 19 July 2025 12:20 AM IST
വെള്ളത്തിലായ ചെമ്മട്ടം വയൽ - കാലിച്ചാനടുക്കം റോഡ്

കാഞ്ഞങ്ങാട്: മഴ കനത്തതോടെ രണ്ട് റോഡുകൾ വെള്ളത്തിലായി. ഇതുമൂലമുള്ള യാത്രാ ദുരിതം അനുഭവിക്കുന്നതാകട്ടെ വലിയ പ്രദേശത്തെ ജനങ്ങളും. ചെമ്മട്ടംവയൽ കാലിച്ചാനടുക്കം റോഡും ജില്ലാ ആശുപത്രി പുതുവൈ റോഡുമാണ് വെള്ളത്തിനടിയിലായത്. ചെമ്മട്ടംവയൽ കാലിച്ചാനടുക്കം റോഡിലൂടെ നിരവധി ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. വെള്ളം കയറി റോഡ് കാണാതായാൽ ബസുകൾക്ക് വഴി മാറി ഓടേണ്ടി വരും.

ഏച്ചിക്കാനം കല്യാണം വഴിയാണ് ബസുകൾക്ക് വരേണ്ട സൗകര്യമുള്ളത്. ഇതാകട്ടെ അടമ്പിൽ, ആലയി, നീലാശരം, പുതുവൈ, കക്കാട്ടി പ്രദേശങ്ങൾ ഒറ്റപ്പെടുന്ന സ്ഥിതിയിലാകുന്നു. സ്വന്തമായി വാഹനമുള്ളവർക്ക് പോലും ഏച്ചിക്കാനം വഴിയേ വരാൻ കഴിയൂ. ചെറിയ മഴ വന്നാൽ തന്നെ റോഡുകൾ വെള്ളത്തിലാകും. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമാണ് ബസുകൾ വഴിമാറി ഓടിയത്.

ചെമ്മട്ടംവയൽ -കാലിച്ചാനടുക്കം റോഡ് കുറ്റിക്കാൽ ഭാഗം ഉയർത്തുന്നതിനായി നാല് കോടി കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്. ഇതിന് ടെണ്ടർ നടപടികളുമായിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ കെ.വി സുശീല അറിയിച്ചു. അതിനിടെ വ്യാഴാഴ്ച രാത്രി ചെമ്മട്ടംവയൽ റോഡിൽ ഒരു കാർ അപകടത്തിൽപ്പെട്ടത് ഏറെ നേരം പരിഭ്രാന്തി പരത്തിയിരുന്നു. ഒഴുക്കിൽപ്പെടാതെ കാട്ടിപ്പൊയിൽ സ്വദേശികളായ ദമ്പതികൾ രക്ഷപ്പെടുകയായിരുന്നു. കുറ്റിക്കാലിലാണ് കാർ അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് വടം കെട്ടി കാർ കരയിലേക്കെത്തിച്ചത്.

അതിനിടെ ഇന്നലെ രാവിലെ നിർമ്മാണം ഏതാണ്ട് പൂർത്തിയായ വീട് പൂർണമായും തകർന്നു. മുൻ നഗരസഭ കൗൺസിലർ എം.എ കണ്ണന്റെ പ്രധാനമന്ത്രിയുടെ പി.എം.എ വഴി ലഭിച്ച വീടാണ് തകർന്നത്. വീടിന്റെ അടുക്കള ഭാഗം താഴ്ന്ന് പോകുകയായിരുന്നു. വില്ലേജ് അധികൃതർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.