വൈദ്യുതി ലൈൻ ജാഗ്രതയും സർക്കുലറിലുണ്ട്: മന്ത്രി
#മാനേജ്മെന്റ് കെ.എസ്.ഇ.ബിയെ അറിയിച്ചെന്ന വാദം പൊളിഞ്ഞു
തിരുവനന്തപുരം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ
അപകടകരമായ ഇലക്ട്രിക്ലൈനിനെക്കുറിച്ച് കെ.എസ്.ഇ.ബി.യിൽ അപേക്ഷ നൽകി പരിഹാരമുണ്ടായില്ലെങ്കിൽ മന്ത്രിതലംവരെ അറിയിക്കാമായിരുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി.
ജൂലായ് രണ്ടിന് സ്കൂളിലെ സുരക്ഷാഓഡിറ്റ് മീറ്റിംഗിൽ അപകടകരമായ ഇലക്ട്രിക്ലൈനിനെക്കുറിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന മാനേജ്മെന്റിന്റെ വാദം പൊളിഞ്ഞു. യോഗത്തിന്റെ മിനിട്ട്സിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസഡയറക്ടർ വ്യക്തമാക്കി.
സുരക്ഷാസംബന്ധമായി മേയ് 13 ന് വിശദമായ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിൽ സ്കൂളിലേക്കുള്ളവഴി, പരിസരം, കോമ്പൗണ്ട് എന്നിവിടങ്ങളിലുള്ള ഇലക്ട്രിക് പോസ്റ്റ്, ലൈൻ, സ്റ്റേവയർ, സുരക്ഷാവേലികൾ ഇല്ലാത്ത ട്രാൻസ്ഫോർമറുകൾ എന്നിവയെക്കുറിച്ച് കെ.എസ്.ഇ.ബിയെ അറിയിക്കണമെന്ന് സർക്കലറിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മേയ് 13 ന് സ്കൂളുകൾക്ക് സർക്കുലർ നൽകി. ഈമാസം ഏഴിന് മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസഓഫീസർമാരുടെ യോഗത്തിൽ സുരക്ഷാ ഓഡിറ്റിനും സ്കൂളുകളുടെ സുരക്ഷാപ്രശ്നങ്ങൾ മെയിൽവഴി തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാനും നിർദേശിച്ചിരുന്നു. വാട്ടർഅതോറിറ്റി, കെ.എസ്.ഇ.ബി, പി.ഡബ്ല്യുഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും നിർദ്ദേശിച്ചു.