വീടു നി​റയെ മി​ഥുന്റെ സ്വപ്നങ്ങൾ

Saturday 19 July 2025 1:34 AM IST

കൊല്ലം: ചോർന്നൊലിക്കുന്ന ആ വീട് നി​റയെ മി​ഥുന്റെ സ്വപ്നങ്ങളായിരുന്നു. അവൻ ഭി​ത്തി​യി​ൽ വരച്ച മുറ്റമാകെ പൂച്ചെടികളും മരങ്ങളും. ആകാശം നിറയെ മേഘങ്ങളും പക്ഷികളും. ‌വിളന്തറയിലെ വീടി​ന്റെ ചുവരുകളി​ൽ അവനൊരി​ക്കലും മരണമുണ്ടാവി​ല്ല. തേവലക്കര ബോയ്സ് സ്കൂളി​ൽ കഴി​ഞ്ഞ ദി​വസം ഷോക്കേറ്റു മരി​ച്ച മി​ഥുൻ,ദി​വസം രണ്ട് പി​ന്നി​ടുമ്പോഴും നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്.

മഴയിൽ കുതിർന്ന,ചെങ്കല്ലിന്റെ നിറം പിടിച്ച ഭിത്തികളിൽ ഫുട്ബാൾ ഗ്രൗണ്ടടക്കം മറ്റ് പല സ്വപ്നങ്ങളും അവൻ വരച്ചിരുന്നു. ചിത്രത്തിനരികിൽ അച്ഛന്റെയും അമ്മയുടെയും അനുജന്റെയും തന്റെയും പേരുകൾ ഹൃദയമുദ്ര കൊണ്ട് കോർത്തെഴുതി. ചോർന്നൊലിക്കാത്ത വീട് എന്ന സ്വപ്നം അച്ഛനും അമ്മയ്ക്കും അനുജനും വേണ്ടി അവൻ സ്വപ്നം കണ്ടിരുന്നു. ഈ സ്വപ്നം സഫലമാക്കാനാണ് അമ്മ സുജ കുവൈറ്റിലേക്ക് വീട്ടുജോലിക്ക് പോയതും. വീടും 10 സെന്റ് ഭൂമിയും ജപ്തിയുടെ വക്കിലാണ്. ആശ്വാസ വാക്കുകളുമായി മന്ത്രിമാരും ബന്ധുക്കളുമൊക്കെ വീട്ടിലെത്തിയെങ്കിലും എന്റെ പൊന്നുമോനെ ഇങ്ങു കൊണ്ടു വാ... എന്ന് വിലപിക്കുകയാണ് അച്ഛാമ്മ മണിയമ്മ. ഹൃദയത്തിലെ വിങ്ങൽ അച്ഛൻ മനുവിന്റെ നിറഞ്ഞ കണ്ണിൽ കാണാം. മിഥുന്റെ അനുജൻ സുജിൻ ആരോടും ഒന്നും മിണ്ടുന്നില്ല.

അമ്മ ഇന്നെത്തും

മിഥുന്റെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള വീട്ടുവളപ്പിൽ നടക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 10ന് തേവലക്കര ബോയ്സ് സ്കൂൾ വളപ്പിൽ പൊതുദർശനത്തിന് വച്ചശേഷം ഉച്ചയ്ക്ക് 12ന് വീട്ടിലേക്ക് കൊണ്ടുവരും.

കുവൈറ്റിൽ നിന്ന് അമ്മ സുജ ഇന്ന് രാവിലെ 9നാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക. തുടർന്ന് രണ്ട് മണിയോടെ വീട്ടിലെത്തും. ആറ് മാസം മുൻപാണ് സുജ കുവൈറ്റിലേക്ക് പോയത്. അവിടെ വീട്ടുജോലി​ നൽകി​യ കുടുംബത്തിനൊപ്പം രണ്ട് മാസം മുൻപ് തുർക്കിയിലേക്ക് പോയിരുന്നു. തുർക്കിയിൽ നിന്ന് ഇന്നലെയാണ് സുജ കുവൈറ്റിൽ എത്തിയിത്.