അണ്ണനി​ല്ല, ഇിനി​ സുജി​ൻ ഒറ്റയ്ക്ക്!

Saturday 19 July 2025 12:52 AM IST

കൊല്ലം: അണ്ണൻ മിഥുനായിരുന്നു അനുജൻ സുജിന്റെ ഹീറോ. വീട്ടിനടുത്തുള്ള വിളന്തറ ഗ്രൗണ്ടിൽ മിഥുൻ കളിക്കാൻ പോകുമ്പോൾ സുജിനും ഒപ്പം പോകും. ഗ്രൗണ്ട് വക്കിലിരുന്ന് മിഥുന്റെ കളി​ കണ്ട് ആർത്തുവിളിക്കും. ആറാം ക്ലാസുകാരനായ സുജിനെയും ആള് കുറവുള്ളപ്പോൾ മിഥുൻ ടീമിലെടുക്കുമായിരുന്നു.

ശാസ്താംകോട്ട തടാകത്തോട് ചേർന്നുള്ള കുന്നിൻപുറത്താണ് ഇവരുടെ വീട്. ഇടുങ്ങിയ വഴികളിലൂടെ മിഥുന്റെ കൈപിടിച്ചാണ് സുജിൻ തടാകത്തിൽ കുളിക്കാൻ പോയിരുന്നത്. സുജിൻ ഒരുപാട് ആഴത്തിലേക്ക് ഇറങ്ങാൻ മിഥുൻ അനുവദിച്ചി​രുന്നി​ല്ലെന്ന് കൂട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷം വരെ മിഥുനും സുജിനും ഒരേ സ്കൂളിലായിരുന്നു. അതി​നാൽ ഒരുമിച്ചായി​രുന്നു സ്കൂളി​ലേക്കുള്ള വരവും പോക്കും. ഇടയ്ക്കിടെ ഇരുവരും തമ്മിൽ കൊച്ചുകൊച്ചു പി​ണക്കങ്ങളും ഉണ്ടാകുമായി​രുന്നു. ഇനി അടിപിടികൂടാനും കളിക്കാൻ കൊണ്ടുപോകാനും സുജിന് അണ്ണനില്ല. വീട്ടിലെ ആൾക്കൂട്ടത്തിനിടയിൽ അവൻ തനി​യെ ഇരി​പ്പാണ്.