ഡോ.എം.അനിരുദ്ധന് അന്ത്യാഞ്ജലി
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയും ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റുമായ ഡോ.എം.അനിരുദ്ധന് നാടിന്റെ അന്ത്യാഞ്ജലി. താമസിക്കുന്ന അമേരിക്കയിലെ ചിക്കാഗോയിൽ തിങ്കളാഴ്ച സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ചിക്കാഗോയിലെ മലയാളികളും വ്യവസായ പ്രമുഖരും ഇന്നലെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേർന്നു. കൊല്ലം നീണ്ടകര സ്വദേശിയായ അനിരുദ്ധൻ അമേരിക്കയിലെ എസെൻ ന്യൂട്രീഷൻ കോർപ്പറേഷന്റെ സ്ഥാപകനാണ്. ചിക്കാഗോയിലെ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും നോർക്ക ഡയറക്ടറും ലോക കേരള സഭ അംഗവുമായിരുന്നു.
മലയാളികളുടെ അമേരിക്കയിലെ അനൗദ്യോഗിക അംബാസഡറായിരുന്നു ഡോ. എം അനിരുദ്ധനെന്നും അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃസ്ഥാനത്തു
നിന്ന് ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമ വേദിയാക്കി മാറ്റാൻ അനിരുദ്ധന് സാധിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇത്തവണ ആരോഗ്യ പരിശോധനകൾക്കായി അമേരിക്കയിൽ ചെന്നപ്പോൾ നേരിട്ടുകണ്ട് അദ്ദേഹത്തിന്റെ സുഖവിവരം അന്വേഷിച്ചിരുന്നു. ഗ്ലോബൽ മീറ്റുകളിൽ അദ്ദേഹം ചെയ്ത സേവനങ്ങൾ ഓർമ്മിക്കുന്നു. പലരെയും കണ്ടെത്താനും ഒത്തുചേർത്തു നിറുത്താനും അദ്ദേഹത്തിന് അനന്യസാധാരണമായ കഴിവുണ്ടായിരുന്നു. കേരളം വെല്ലുവിളികൾ നേരിട്ട പ്രളയ
കാലത്തും കോവിഡ് മഹാമാരിയുടെ കാലത്തും അദ്ദേഹം നീട്ടിയ സഹായം കേരളം നന്ദിയോടെ സ്മരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡോ.എം.അനിരുദ്ധൻ ഫൊക്കാനക്ക് നൽകിയ സംഭാവനകൾ വിസ്മരിക്കാൻ കഴിയുന്നതല്ലെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. നോർക്ക സെന്ററിൽ നടന്ന അനുശോചന യോഗത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അനുശോചന പ്രമേയം വായിച്ചു. ഗവേഷകനായും സംരംഭകനായും സംഘാടകനായും അദ്ദേഹത്തിന് ഒരു പോലെ ശോഭിക്കാനായെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു.