ജോലി സമ്മർദ്ദത്താൽ മരിച്ച അന്നയുടെ ഓർമ്മകൾക്ക് ഒരുവയസ്, മുറിവുണങ്ങാതെ മാതാപിതാക്കൾ
കൊച്ചി: തൃക്കാക്കര കങ്ങരപ്പടി പേരയിൽ വീട്ടിൽ സിബി ജോസഫും ഭാര്യ അനിത അഗസ്റ്റിനും ശാന്തമായി ഉറങ്ങിയിട്ട് ഒരുവർഷമാകുന്നു. കഴിഞ്ഞ ജൂലായ് 20നാണ് ഇവരുടെ പൊന്നോമന മകൾ അന്ന സെബാസ്റ്റ്യൻ (26) ജോലിസമ്മർദ്ദത്താൽ കുഴഞ്ഞുവീണു മരിച്ചത്. ഡിസ്റ്റിംഗ്ഷനോടെ സി.എ പരീക്ഷ പാസായി ബഹുരാഷ്ട്ര കമ്പനിയിൽ ജോലിക്ക് കയറിയതിന്റെ നാലാം മാസമായിരുന്നു അന്നയുടെ അപ്രതീക്ഷിത വേർപാട്. ഉണ്ണാനും ഉറങ്ങാനുമാകാത്ത ജോലി സമ്മർദ്ദത്തിനിരയായ അന്നയുടെ മരണം രാജ്യം ചർച്ച ചെയ്തതാണെങ്കിലും പ്രഖ്യാപനങ്ങളും നടപടികളും എങ്ങുമെത്തിയില്ല.
ഇന്നാണ് അന്നയുടെ ഓർമ്മദിനച്ചടങ്ങ്. വൈകിട്ട് നാലിന് തേവയ്‌ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ കുർബാനയും ആറിന് തൃക്കാക്കര ഭാരതമാതാ കോളേജിൽ അനുസ്മരണവുമുണ്ട്.
പൂനെയിലെ ഏണസ്റ്റ് ആൻഡ് യംഗിലെ (ഇ ആൻഡ് വൈ) ജോലി അന്നയുടെ സ്വപ്നമായിരുന്നു. മകളുടെ മരണത്തെത്തുടർന്ന് അമ്മ, കമ്പനിയുടെ ഇന്ത്യാ ചെയർമാൻ രാജീവ് മേവാനിക്ക് അയച്ച കത്ത് ദേശീയ മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെയാണ് സംഭവം വിവാദമായത്. കേന്ദ്രസർക്കാരും കേന്ദ്ര മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന സർക്കാരും ഇ ആൻഡ് വൈ കമ്പനിയും വിവിധ നടപടികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും ഫലമുണ്ടാക്കിയില്ല.
'ഫോർ അന്ന, ഫോർ ഓൾ" എന്ന ക്യാമ്പെയിൻ പ്രൊഫഷണൽ കോൺഗ്രസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ ഉദ്ഘാടനച്ചടങ്ങിൽ മാതാപിതാക്കൾ പങ്കെടുത്തിരുന്നു. ഇന്ന് ഡൽഹിയിൽ ഡി.വൈ.എഫ്.ഐ യുവജന കൺവെൻഷനിൽ വിഷയം ചർച്ചയാക്കുമെന്ന് എ.എ.റഹീം എം.പി വീട്ടുകാരെ അറിയിച്ചു.
ഒന്നും മാറിയില്ല
• അന്നയെ നിരന്തരം ബുദ്ധിമുട്ടിച്ച രണ്ട് മേലുദ്യോഗസ്ഥരെയും മാറ്റിനിറുത്തിയെങ്കിലും അവർ അതേ ഓഫീസിൽ ജോലിയിലുണ്ട്.
• തൊഴിൽ ചൂഷണത്തെക്കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കുടുംബത്തിന് ഒരറിവുമില്ല.
• ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു. കുടുംബത്തിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
• കഴിഞ്ഞമാസം ബംഗളൂരുവിലെ സ്വകാര്യ കമ്പനിയുടെ എ.ഐ ഡിവിഷൻ എൻജിനിയർ നിഖിൽ സോമവൻഷിയും ജോലിസമ്മർദ്ദത്താൽ ജീവനൊടുക്കിയിരുന്നു.
ജീവിതം അർത്ഥശൂന്യമായത് പോലെയാണ്. അന്നയുടെ ദുരനുഭവം രാജ്യത്തിന് പാഠമാകുമെന്ന് കരുതി. ആരും ഇങ്ങനെ ഇരകളാകാതിരിക്കാൻ ഇനിയെങ്കിലും നടപടി ഉണ്ടാകണം.
- സിബി ജോസഫ്,
അന്നയുടെ പിതാവ്