നെൽവിലയിൽ കിട്ടാനുണ്ട് 646.87കോടി
ആലപ്പുഴ: രണ്ടാംകൃഷിയുടെ വിത അവസാനഘട്ടത്തിലെത്തിയിട്ടും നെൽവില വിതരണത്തിൽ മെല്ലെപ്പോക്ക്. പുഞ്ചകൃഷിയിൽ സംസ്ഥാനത്താകമാനം 646.87 കോടി രൂപ കർഷകർക്ക് ലഭിക്കാനിരിക്കെ സംസ്ഥാനസർക്കാർ കഴിഞ്ഞദിവസം അനുവദിച്ചത് 100കോടി രൂപ മാത്രം.
നെൽവില ഇനത്തിൽ കർഷകരുടെ അക്കൗണ്ടുകളിലേക്ക് കനറാ,എസ്.ബി.ഐ ബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യം കൈമാറിയ തുക സർക്കാരിൽ നിന്ന് ബാങ്കുകൾക്ക് തിരികെ ലഭിക്കുന്നതിനുള്ള കാലതാമസമാണ് വിലവിതരണം അനിശ്ചിതമായി നീളാൻ കാരണം. സർക്കാരിൽ നിന്ന് ലഭിക്കുന്ന തുകയ്ക്കനുസരിച്ചേ പി.ആർ.എസ് പേയ്മെന്റ് നടത്താനാകൂവെന്ന നിലപാടിലാണ് ബാങ്കുകൾ. മേയ് അവസാനം വിളവെടുപ്പ് പൂർത്തിയാക്കി സംഭരിച്ച നെല്ലിന്റെ വിലയാണ് കൊടുത്തുതീർക്കാനുള്ളത്. രണ്ടാഴ്ച മുമ്പ് കനറാ ബാങ്കിന് 90കോടി സർക്കാർ അനുവദിച്ചെങ്കിലും ഇതിൽ എട്ടുകോടി പലിശയിനത്തിൽ വരവുവച്ചു. ശേഷിച്ച 82കോടിയുടെ വിതരണം അവസാനിക്കാറായപ്പോഴാണ് ഇന്നലെ ഇരുബാങ്കുകൾക്കുമായി 100 കോടി രൂപ കൂടി നൽകിയത്.
സംഭരിച്ച നെല്ല് .....................5.80 ലക്ഷം ടൺ
നെല്ലിന്റെ വില.......................₹1,644 കോടി
കൊടുത്തത്..........................₹997.13 കോടി
കൊടുക്കാനുള്ളത് .............₹646.87 കോടി
സർക്കാരിന്റെ അനാസ്ഥയാണ് നെൽ വിലവിതരണം നീളാൻ കാരണം. സംഭരിച്ച നെല്ലിന്റെ വില യഥാസമയം ലഭ്യമാക്കാൻ സപ്ലൈകോയും ബാങ്കുകളും തയ്യാറാകുന്നില്ല. അന്വേഷിച്ച് ചെല്ലുന്നവരെ കേസിൽ കുടുക്കി പ്രതികാര നടപടികൾ സ്വീകരിക്കുന്ന സ്ഥിതിയാണ്
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി.