ദമ്പതികളെ തീകൊളുത്തിയ ശേഷം അയൽവാസി ജീവനൊടുക്കി
കൊച്ചി: എറണാകുളം നോർത്തിൽ ദമ്പതികളെ തീകൊളുത്തിയ ശേഷം അയൽവാസി വീട്ടിൽ തൂങ്ങി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടുതല ഗോൾഡൻ സ്ട്രീറ്റ് ജലദർശന അപ്പാർട്ട്‌മെന്റിന് സമീപം ജെ.ആർ.ആർ.എ നഗറിൽ വില്യം കൊറയയാണ് (48) മരിച്ചത്. അയൽവാസികളായ കാഞ്ഞിരിത്തങ്കൽ വീട്ടിൽ ക്രിസ്റ്റഫറിനും (56) ഭാര്യ മേരിക്കുമാണ് (50) പൊള്ളലേറ്റത്.
ഇന്നലെ രാത്രി എട്ടോടെ വീടിന് മുന്നിലെ ഇടവഴിയിലായിരുന്നു സംഭവം. ദമ്പതികൾ ചാത്യാത്ത് പള്ളിയിൽ പോയി സ്കൂട്ടറിൽ മടങ്ങുംവഴി വീടിന് മുന്നിൽ വാഹനംതടഞ്ഞ് നിറുത്തി ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം അയൽവാസിയുടെ വീട്ടുവളപ്പിലേക്ക് ഇരുവരും ഓടിക്കയറുന്നതിനിടെ വില്യം സ്വന്തം വീട്ടിൽ കയറി തൂങ്ങുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് ക്രിസ്റ്റഫറിനെയും ഭാര്യയെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്.
സ്ഥലത്തെത്തിയ നോർത്ത് പൊലീസ് നടത്തിയ തെരച്ചിലിലാണ് വീടിനകത്ത് തൂങ്ങിയ നിലയിൽ വില്യമിനെ കണ്ടെത്തിയത്. ദമ്പതികളും വില്യവും തമ്മിൽ ശത്രുതയിലായിരുന്നെന്നും പലപ്പോഴും വഴക്കിടാറുണ്ടെന്നും അയൽവാസികൾ മൊഴി നൽകി. ദമ്പതികൾക്ക് മക്കളില്ല. പെയിന്റിംഗ് തൊഴിലാളിയായ വില്യം വീട്ടിൽ തനിച്ചാണ് താമസം. പൊലീസ് അന്വേഷണം തുടങ്ങി.