വാങ്ങാനെത്തുന്നവരും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല,​ ഇവയുടെ വില ഇനി കുതിക്കും

Saturday 19 July 2025 2:08 AM IST

കോട്ടയം : കറുമുറെ കൊറിക്കാൻ ഉപ്പേരിയില്ലാതെ എന്ത് ഓണം. പക്ഷേ, വെളിച്ചെണ്ണ വില ഇങ്ങനെ പിടിവിട്ട് കുതിക്കുമ്പോൾ എന്ത് ചെയ്യും. വില കൂട്ടാതെ നിവൃത്തിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. എത്ര വില വർദ്ധിച്ചാലും വെളിച്ചെണ്ണയിലുണ്ടാക്കുന്ന ഉപ്പേരിക്കാണ് ഡിമാൻഡ്. എന്നാൽ സാധാരണക്കാർക്ക് വില താങ്ങാൻ പറ്റുമോയെന്നാണ് ചോദ്യം. ഇത് കച്ചവടത്തെയും പ്രതികൂലമായി ബാധിക്കും. നഗരത്തിൽ വെളിച്ചെണ്ണയിലും പാമോയിലിലും ഉപ്പേരി ഉത്പ്പാദിപ്പിക്കുന്നവരുണ്ട്. മറ്റ് എണ്ണപ്പലഹാരങ്ങൾക്കും വില വർദ്ധനയുണ്ടാകും.

15 ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് ഏപ്രിലിൽ 4350 രൂപയായിരുന്നു. ജൂലായിൽ 6510 രൂപയായി വർദ്ധിച്ചു. 20 ലിറ്റർ വെളിച്ചെണ്ണയ്ക്ക് നാല് മാസം മുൻപ് 6000 ഉം, ജൂലായിൽ 9600 രൂപയുമായി വർദ്ധിച്ചു. പാമോയിൽ കിലോ വില 360 രൂപയാണ്. കാൽക്കിലോ 90.

അഞ്ഞൂറിന് അരികെ ഒരു കിലോ ഉപ്പേരിയെക്കാൾ ഇരട്ടി വിലയാണ് വെളിച്ചെണ്ണയ്ക്ക്. 440 രൂപയായിരുന്ന ഒരു കിലോ ഉപ്പേരിയുടെയും ശർക്കര വരട്ടിയുടെയും വില 480 രൂപയായി. വരുംദിവസങ്ങളിൽ വില 500 ലേക്കെത്തുമെന്നാണ് സൂചന. ചക്ക വറുത്തതിന് 600 രൂപയാണ് വില. 15 ലിറ്റർ, 40 ലിറ്റർ വെളിച്ചെണ്ണയാണ് നഗരത്തിലെ കടകളിൽ ഉപ്പേരിയ്ക്കായി വേണ്ടി വരുന്നത്. നാടൻ, വയനാടൻ ഏത്തയ്ക്കാണ് ഉപയോഗിക്കുന്നത്. 70 രൂപയായിരുന്ന ഏത്തയ്ക്കായ്ക്ക് 44, 50 രൂപയായി.

വില വർദ്ധനവ് ഇങ്ങനെ (കിലോ) ശർക്കരവരട്ടി : 480 മസാല ചിപ്‌സ് : 500 സ്വീറ്റ് ചിപ്‌സ് : 110

മലയാളം മാസം ആരംഭിച്ചതിനാൽ ശബരിമല ദർശനത്തിനായി അന്യസംസ്ഥാനങ്ങളിലെ ഭക്തർ കൂടുതലായി എത്തുന്നുണ്ട്. ശബരിമല സീസണിലും രാമായണ മാസത്തിലും കൂടുതലായി ഇവർ എത്തുന്നതിനാൽ വില കൂടുതലാണെലും കച്ചവടവുമുണ്ട്.

(മഞ്ജു, ജീവനക്കാരി)

30 വർഷത്തിന് മുകളിലായി നഗരത്തിൽ വില്പന ആരംഭിച്ചിട്ട്. വെളിച്ചണ്ണയിൽ അല്ലെങ്കിൽ രുചിയുണ്ടാകില്ല. വാങ്ങാനെത്തുന്നവരും ഇതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

( വെള്ളയ് പാണ്ടി, ജീവനക്കാരൻ)

ആദ്യമായാണ് ഇത്തരമൊരു വില വർദ്ധനവ്. സാധാരണക്കാർക്കും ഉപയോഗിക്കാവുന്ന തരത്തിൽ വെളിച്ചെണ്ണയിലും പാമോയിലിലും ഉപ്പേരിയുണ്ടാക്കുന്നുണ്ട്. ടേസ്റ്റിൽ വലിയ വ്യത്യാസമില്ല.

(ജയ, ജീവനക്കാരി)