നിമിഷപ്രിയയുടെ മോചനം; ഇനി മദ്ധ്യസ്ഥ സംഘം പോകുന്നത് വെല്ലുവിളി, ഇറാനടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചർച്ചയിൽ

Saturday 19 July 2025 8:12 AM IST

ന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇന്ത്യ. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചതിന് പിന്നാലെയാണ് മോചനവുമായി ബന്ധപ്പെട്ട നയതന്ത്ര ഇടപെടലുകള്‍ക്കായി മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. യമനുമായി അടുത്തബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ ചര്‍ച്ച നടത്തി നിമിഷപ്രിയയുടെ മോചനത്തിൽ അനുകൂലമായ തീരുമാനത്തിന് ശ്രമിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

അതേസമയം, മദ്ധ്യസ്ഥ സംഘം ഇനി യമനിലേക്ക് പോകുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എല്ലാ വശങ്ങളും ഇക്കാര്യത്തിൽ വിലയിരുത്തും. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം ആരെയും കാണാൻ തൽക്കാലം തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ മദ്ധ്യസ്ഥസംഘത്തെ യമനിലേക്ക് അയക്കുന്നത് വെല്ലുവിളിയായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. യാത്രാനുമതിക്കായി നാലുപേർ അടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ ലിസ്റ്റ് ആക്ഷൻ കൗൺസിൽ കേന്ദ്രസർക്കാരിന് സമർപ്പിക്കാനിരിക്കെയാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.