ഒരു കാലത്ത് ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞ സാധനം; ഇന്ന് മോഷ്ടാക്കൾ വരെ തേടിയെത്തുന്നു; ചില്ലറക്കാരനല്ല ചിരട്ട
കണ്ണൂർ: നമ്മുടെയൊക്കെ വീടുകളിൽ ഏറ്റവും കൂടുതലുണ്ടാകുന്ന സാധനങ്ങളിൽ ഒന്നാണ് ചിരട്ട. തേങ്ങ ചിരകിയതിന് ശേഷം വിറകിന് വേണ്ടിയും ചിലർ വീടിന്റെ പരിസരത്ത് ഉപേക്ഷിക്കുകയും ചെയ്യുന്ന ചിരട്ടയ്ക്ക് ഇപ്പോൾ നാട്ടിൽ പൊന്നിൻ വിലയാണ്. പുറത്തുവച്ചാൽ മോഷ്ടിച്ചുകൊണ്ടുപോകാൻ വരെ ആളുണ്ട് ഇപ്പോൾ. വിവിധ ജില്ലകളിലെ ഗ്രാമങ്ങളിൽ ചിരട്ട മോഷണം പതിവായിരിക്കുകയാണ്.
കരിവെള്ളൂർ ഓണക്കുന്നിൽ ശ്രീലക്ഷ്മി ബേക്കറി നടത്തുന്ന പിവി നാരായണന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയത് 20 ചാക്ക് ചിരട്ടയായിരുന്നു. പല സ്ഥലങ്ങളിൽ നിന്നും വാങ്ങി ബേക്കറി ആവശ്യത്തിനായി വീട്ടിൽ സൂക്ഷിച്ച ചിരട്ടകളാണ് മോഷണം പോയത്. ദിവസങ്ങൾക്ക് മുമ്പ് മകൻ ഗൾഫിൽ നിന്ന് സിസിടിവി പരിശോധിച്ച് ഒരു സ്ത്രീ വീട്ടിൽ നിന്ന് ചാക്കുമായി പോകുന്നുണ്ടെന്ന് പറഞ്ഞപ്പോഴാണ് പരിശോധിച്ചത്.
പല ദിവസങ്ങളിലായി 12 ചാക്ക് ചിരട്ടയാണ് മോഷണം പോയത്. ഇതിന് പതിനായിരം രൂപയോളം വിലവരും. നാടോടി സ്ത്രീയാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസിലായിട്ടുണ്ട്. എന്നാൽ സ്ത്രീയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തേങ്ങയ്‌ക്കൊപ്പം നാട്ടിൻപുറങ്ങളിൽ ഇപ്പോൾ ചിരട്ടയ്ക്കും വൻ ഡിമാൻഡ് ആണ്. കിലോയ്ക്ക് 20 മുതൽ 30 രൂപ വരെ വില ലഭിക്കും. ഇപ്പോൾ ആക്രി കച്ചവടക്കാർ പ്രധാനമായും ശേഖരിക്കുന്ന വസ്തുക്കളിലൊന്നായി ചിരട്ട മാറിയിരിക്കുന്നു.
ചിരട്ടയുടെ കരിയുടെയും പൊടിയുടെയും മൂല്യവർദ്ധിത ഉപയോഗമാണ് വിപണിയിൽ പെട്ടെന്ന് വിലയേറ്റിയത്. ജനുവരിയിൽ കിലോയ്ക്ക് അഞ്ചുമുതൽ 10 രൂപവരെ വീട്ടുകാർക്ക് നൽകിയിരുന്ന സ്ഥാനത്തിപ്പോൾ മൂന്ന് മടങ്ങ് വർധനയാണ് ഉണ്ടായിരിക്കുന്നത്. കർണാടക, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിലേക്കാണ് ജില്ലയിൽനിന്ന് ശേഖരിക്കുന്ന ചിരട്ടകളിൽ അധികവും കയറ്റിപ്പോകുന്നത്. ഇതിനായി ഇടനിലക്കാരുമുണ്ട്.
വീടുകളിൽനിന്ന് ശേഖരിക്കുന്നവരുടെ പക്കൽനിന്ന് 50 രൂപ വരെ കിലോയ്ക്ക് നൽകിയാണ് ഇടനിലക്കാർ ചിരട്ട കൊണ്ടുപോകുന്നത്. ക്വിന്റൽ കണക്കിന് ചിരട്ടയാണ് ഇത്തരത്തിൽ ഏജന്റുമാർ കേരളത്തിൽ നിന്ന് സംഭരിച്ച് തമിഴ്നാട്ടിലേക്ക് എത്തിക്കുന്നത്. ആക്രി തൊഴിലാളികൾ അടക്കം വീടുകൾ കയറിയിറങ്ങി ചിരട്ട വാങ്ങുന്നുണ്ട്. ഇവർ തുച്ഛമായ വിലയാണ് നൽകുന്നത്. മുമ്പ് ചിരട്ടക്ക് വിലയില്ലാതിരുന്നപ്പോൾ വെറുതെ കൂടികിടന്നത് ഒഴിവാക്കാൻ ആക്രിക്കാർക്ക് സൗജന്യമായി നൽകിയ വീട്ടുകാരും ധാരാളം. വിദ്യാർത്ഥികൾ പോലും ഓൺലൈൻ വഴി ഓർഡറുകൾ സ്വീകരിച്ച് ചിരട്ട ശേഖരിക്കുന്ന സൈഡ് ബിസിനസും ആരംഭിച്ചിട്ടുണ്ട്.
കർണാടകയിലെ തുമകൂരു, തമിഴ്നാട്ടിലെ ഉദുമൽപേട്ട, കങ്കയം തുടങ്ങിയ സ്ഥലങ്ങളിൽ ചിരട്ടക്കരി വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന ഫാക്ടറികളുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ, പല്ല് തേക്കാനുള്ള പൊടി തുടങ്ങിയവയിലൊക്കെ പ്രധാന ഘടകങ്ങളിലൊന്നായി ചിരട്ട കരിച്ച പൊടി ഉപയോഗിച്ചു തുടങ്ങിയതോടെയാണ് വില കുതിച്ചുയർന്നത്. ഒരു ടൺ ചിരട്ടയിൽ നിന്ന് ഏകദേശം 300 കിലോഗ്രാം ഉത്തേജിത കരി ലഭിക്കുമെന്നാണ് കണക്ക്. ചിരട്ട ഉയർന്ന ഊഷ്മാവിൽ കരിച്ചെടുക്കുമ്പോഴാണ് ഉത്തേജിത കരി ലഭിക്കുന്നത്.