വരുന്നു കുടുംബശ്രീയുടെ 'ജനഗൽസ'. ഗോത്രകലാരൂപങ്ങൾ സംരംഭ മാതൃകയിലേക്ക്

Sunday 20 July 2025 12:44 AM IST
ജനഗല്‍സ എംബ്ലം

കെ.കെ.രത്‌നൻ വൈപ്പിൻ: തദ്ദേശീയ മേഖലയിൽ നിലവിലുള്ളതും അന്യംനിന്ന് പോകാത്തതുമായ പാരമ്പര്യകലകൾക്ക് പുതുജീവൻ നൽകാൻ ജനഗൽസ പദ്ധതിയുമായി കുടുംബശ്രീ. ജഗൽസ എന്നാൽ ജനങ്ങളുടെ ആഘോഷമെന്ന് അർത്ഥം. ഗോത്രകലാരൂപങ്ങൾ സംരംഭക മാതൃകയിൽ രൂപീകരിച്ച് തദ്ദേശീയ ജനതയ്ക്ക് മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യപടിയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഗോത്ര കലാരൂപങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഡയറി തയ്യാറാക്കും. പട്ടിക വർഗ വിഭാഗത്തിലുള്ള അനിമേറ്റർമാരെ കൊണ്ട് നടപ്പാക്കുന്ന സർവെ ആഗസ്റ്റ് 20 നകം പൂർത്തിയാക്കും. ജനഗൽസയുടെ മാർഗ രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി 2 ദിവസത്തെ ശില്പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ഡി. ശ്രീജിത്ത്, ഭാരത് ഭവൻ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, കേരള ഫോക് ലോർ അക്കാ‌ഡമി പ്രോഗ്രാം ഓഫീസർ വി. വി. ലാവ്‌ളിൻ, മലയാളം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് കെ.എം. ഭരതൻ, എസ്.ഇ. ആർ.ടി റിസർച്ച് അസോസിയേറ്റ് സതീഷ്‌കുമാർ, കിർത്താഡ്‌സ് ലക്ചറർ വി. നീന, ഭാരത് ഭവൻ സോഷ്യൽ മീഡിയ എക്‌സ്പർട്ട് ചന്ദ്രജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം.പ്രഭാകരൻ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.

തദ്ദേശീയ മേഖലയിൽ നിലവിലുള്ളത് 38ലേറെ ജനവിഭാഗങ്ങൾ. ഇവരുടെ കലാരൂപങ്ങളെ പുനരുജ്ജീവിപ്പിച്ച് വരുമാനദായക സംരംഭക രൂപീകരണമാണ് ജഗൽസയുടെ പ്രധാന ലക്ഷ്യം. നിലവിൽ കുടുംബശ്രീയുടെ ട്രൈബൽ പദ്ധതിയ്ക്കു കീഴിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും ഇതിനായി കണ്ടെത്തും.  സംസ്ഥാനതല കൺസോർഷ്യം രൂപീകരിക്കുന്നതിലൂടെ ഇവർക്ക് മെച്ചപ്പെട്ട ഉപജീവനംമാർഗം തുറന്ന് കിട്ടുമെന്ന് പ്രതീക്ഷ.

1.ലഹരി അടക്കമുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ സർക്കാരിന്റെ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾക്കും ഈ കലാരൂപങ്ങൾ ഉപയോഗപ്പെടുത്തും.

2. കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തീയേറ്റർ ഗ്രൂപ്പായ രംഗശ്രീയുമായും സാംസ്‌കാരിക ടൂറിസം കേന്ദ്രങ്ങളുമായും ചേർന്ന് പ്രവർത്തിക്കും.

3.ഫോക്‌ലോർ അക്കാഡമി, കേരള സംഗീത നാടക അക്കാഡമി, കിർത്താഡ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുമായും സഹകരിച്ചുകൊണ്ട് തദ്ദേശീയർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കും. 4.ഗോത്രകലകൾ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങൾ, തനത് ഭക്ഷണം എന്നിവയെല്ലാം വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പാഠ്യപദ്ധതിയുടെ ഭാഗമാകും.