ഷൂട്ട് ദ റെയിൻ ! മഴയിൽ കുളിച്ചൊരു ഫുട്ബാൾ മാമാങ്കം

Sunday 20 July 2025 12:41 AM IST
ഷൂട്ട് ദ റെയിൻ

 കിക്കോഫ് 25ന് രാവിലെ 6ന്

കൊച്ചി: കോരിച്ചൊരിയുന്ന മഴയത്ത് ആകെ നനഞ്ഞൊരു ഫുട്ബാൾ മത്സരം ! ഹോ, കേൾക്കുമ്പോൾ തന്നെ ആവേശം. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മഴക്കാല ഫുട്ബാൾ ടൂർണമെന്റിന് വേദിയാകുകയാണ് കൊച്ചി. ഈ മാസം 25,26 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് മഴയിൽ കുളിച്ച് ഫുട്ബാൾ ആറാട്ട്. ടൂറിസം പ്രൊഫഷണൽസ് ക്ലബ് മഴക്കാല വിനോദസഞ്ചാരം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷൂട്ട് ദ റെയിൻ എന്ന പേരിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ 18-ാം പതിപ്പാണിത്.

ഉദ്ഘാടനം 25ന് രാവിലെ 9ന് കളക്ടർ എൻ.എസ്.കെ ഉമേഷ് നിർവഹിക്കും. ഇന്ത്യൻ ഫുട്ബാൾ ടീം മുൻ നായകൻ ഐ.എം. വിജയൻ സന്നിഹിതനാകും. 35 ടീമുകൾ മാറ്റുരയ്ക്കും. 2003ലെ പ്രഥമ ടൂർണമെന്റിൽ വെറും 12 ടീമുകളാണ് പങ്കെടുത്തതെന്നും ഒരോ വർഷവും ടീമുകളുടെ എണ്ണം ഉയരുകയാണെന്ന് ടൂറിസം പ്രൊഫണൽസ് ക്ലബ് പ്രസിഡന്റ് ഷേഖ് ഇസ്മായിൽ പറഞ്ഞു. കോവളം സോമതീരം ഹെൽത്ത് റിസോ‌ർട്ടാണ് നിലവിലെ ചാമ്പ്യന്മാ‌‌‌ർ.

 ₹50,000 ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് ഡൊമിനിക് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 50,000 രൂപയുമാണ്. രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും എവർ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 20,000രൂപയുമാണ് സമ്മാനം

സെവൻസ് ഫോർമാറ്റിൽ നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് മത്സരം. മത്സരസമയം 30 മിനിട്ട്. കിക്കോഫ് 25ന് രാവിലെ ആറിന്. കൊച്ചി ക്രൗൺ പ്ലാസയും മാരിയറ്റ് ഷെറാട്ടൺ ഫോർ പോയിന്റും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ആദ്യ സെമി 26ന് രാവിലെ 8.10നും രണ്ടാമത്തേത് 11.10നും. വൈകിട്ട് നാലിന് ഫൈനൽ.