ചെല്ലാനത്ത് നത്തോലി ചാകര
പള്ളുരുത്തി: ചെല്ലാനം ഫിഷിംഗ് ഹാർബറിൽ നത്തോലി ചാകര. കടലിൽ പോയ എല്ലാ വള്ളങ്ങൾക്കും നിറയെ നത്തോലി ലഭിച്ചു. ടൺ കണക്കിന് നത്തോലിയാണ് ഹാർബറിലെത്തിയത്. എന്നാൽ, മത്സ്യലഭ്യത മത്സ്യത്തൊഴിലാളികൾക്ക് സന്തോഷം നൽകിയില്ല. ഹാർബറിൽ ആദ്യമെത്തിയ വള്ളങ്ങൾക്ക് കിലോയ്ക്ക് 20 രൂപ ലഭിച്ചെങ്കിലും, വള്ളങ്ങൾ കൂട്ടമായെത്തിയതോടെ വില 15 രൂപയായി കുത്തനെ ഇടിഞ്ഞു. മൺസൂൺ കാലത്ത് ഏറ്റവും കൂടുതൽ ലഭിച്ചത് നത്തോലിയാണ്. അടുത്തടുത്ത ദിവസങ്ങളിൽ നത്തോലി ധാരാളമായി ലഭിച്ചതും വില കുറയാൻ ഒരു കാരണമായി. അതേസമയം, പുറം വിപണിയിൽ നത്തോലിക്ക് കാര്യമായി വില കുറഞ്ഞില്ല. മത്സ്യം വൻതോതിൽ ലഭിച്ചിട്ടും ന്യായമായ വിലയ്ക്ക് അത് ജനങ്ങളിലേക്ക് എത്തുന്നില്ല. മത്സ്യം സൂക്ഷിച്ചുവെക്കാൻ സൗകര്യമില്ലാത്തതിനാൽ, കിട്ടുന്ന വിലയ്ക്ക് വിറ്റ് തൊഴിലാളികൾക്ക് മടങ്ങേണ്ടി വരുന്നു. ചൊവ്വാഴ്ച നത്തോലിക്കൊപ്പം ചെമ്മീനും ലഭിച്ചു. പൂവാലൻ ചെമ്മീന് ഹാർബറിൽ കിലോഗ്രാമിന് 150 മുതൽ 160 രൂപ വരെ ലഭിച്ചു. ഇത്തവണ ചെമ്മീൻ വില കാര്യമായി കുറഞ്ഞില്ലെന്നത് തൊഴിലാളികൾക്ക് ആശ്വാസമായി.