രാമനെ വാർത്തെടുത്ത ഗുരുനാഥൻ
വാല്മീകിരാമായണത്തിലെ ഹൃദയസ്പൃക്കായ രംഗങ്ങളിലൊന്നാണ് രാമന്റെയും വിശ്വാമിത്രന്റെയും ഗുരുശിഷ്യബന്ധം. ബാലകാണ്ഡത്തിലാണ് ബാലനായ രാമന്റെ ഗുരുകുലവാസത്തെക്കുറിച്ചുള്ള വർണനയുള്ളത്.
താൻ നടത്തുന്ന യാഗത്തിന് രാക്ഷസന്മാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടാണ് വിശ്വാമിത്രമഹർഷി ദശരഥന്റെ കൊട്ടാരത്തിലെത്തുന്നത്. രാമനെയായിരുന്നു വിശ്വാമിത്രൻ വേണ്ടിയിരുന്നത്. രാമൻ ബാലനാണെന്നും അവനെ കൊണ്ടുപോകരുതെന്നുമെല്ലാം പറഞ്ഞ് വിശ്വാമിത്രനെ പിന്തിരിപ്പിക്കാനാണ് ദശരഥൻൻ ആദ്യം ശ്രമിക്കുന്നത്. 'മൂന്നു ലോകങ്ങളിലുംവെച്ച് പേരുകേട്ട ബലവാനും ശത്രുക്കളെ നശിപ്പിച്ചവനും അതിരഥനുമായ' ദശരഥനുള്ളപ്പോൾ അദ്ദേഹത്തോടുതന്നെ യാഗത്തെ സംരക്ഷിക്കാൻ പറയാതെ, ബാലനായ രാമനുവേണ്ടി വിശ്വാമിത്രൻ അപേക്ഷിച്ചതിന്റെ കാരണത്തെ ദശരഥന് മനസിലാക്കാനായില്ല. എന്നാൽ കുലഗുരുവായ വസിഷ്ഠന് മനസിലായി. അദ്ദേഹം ദശരഥനോട് പറഞ്ഞു: ''അങ്ങയുടെ പുത്രന്റെ ഹിതത്തിനായിത്തന്നെയാണ് വിശ്വാമിത്രമഹർഷി അങ്ങയെ സമീപിച്ച് അപേക്ഷിക്കുന്നത്''. ബാലനിൽനിന്നും അജയ്യനും ധർമ്മവിഗ്രഹവുമായ ശ്രീരാമനെ വാർത്തെടുക്കാൻ പോകുന്ന ഗുരുശിഷ്യസംബന്ധത്തെ മുൻകൂട്ടി തിരിച്ചറിഞ്ഞുള്ള വാക്യമായിരുന്നു അത്.അങ്ങനെ വിശ്വാമിന്രോടൊപ്പം രാമനും ലക്ഷ്മണനും യാത്ര തിരിച്ചു. യാത്രയിൽ ക്ഷീണം, ജ്വരം, യാത്രകൊണ്ടുള്ള രൂപമാറ്റം, വിശപ്പ്, ദാഹം തുടങ്ങിയവയെ തടയുന്നതിനുള്ള ബല, അതിബല എന്നീ മന്ത്രങ്ങളാണ് ആദ്യം വിശ്വാമിത്രൻ ഉപദേശിക്കുന്നത്.
- അറിവിൽ നിന്ന് ആനന്ദം
തുടർന്ന് അനേകം കാര്യങ്ങൾ വിശ്വാമിത്രൻ പറഞ്ഞുകൊടുക്കുന്നുണ്ട്. രാജകുമാരന്മാർ അവർക്ക് അനുചിതമായ പുൽമെത്തയിലാണ് കിടന്നതെങ്കിലും ഗുരുവിന്റെ വാക്കുകളിൽനിന്നുമുണ്ടായ ആനന്ദം കാരണം സുഖമായി ശയിച്ചുവെന്നാണ് വാല്മീകി വർണിക്കുന്നത്. തുടർന്ന് വിശ്വാമിത്രൻ, രാമനിൽ കൃത്യനിഷ്ഠയും സന്ധ്യാവന്ദനഅഗ്നിഹോത്രാദി ആചരണങ്ങളിൽ ശ്രദ്ധയും വളർത്തുന്നതിനെക്കുറിച്ചും കുമാരന്മാർ ഗുരസേവ ചെയ്യുന്നതിനെക്കുറിച്ചുമെല്ലാം വാല്മീകി വർണിക്കുന്നുണ്ട്. ഇങ്ങനെ രാമനെ നന്നായി പാകപ്പെടുത്തി, അവനിലെ വിനയത്തെ കണ്ടുമനസിലാക്കിയ ശേഷം, താടകയോടുള്ള പോരാട്ടത്തിൽ രാമന്റെ കഴിവിനെക്കൂടി പരീക്ഷിച്ചറിഞ്ഞുമാണ് അപൂർവങ്ങളായ അസ്ത്രവിദ്യകളെ രാമന് ഉപദേശിക്കുന്നത്.
ഗുരുശിഷ്യന്മാർക്കിടയിലെ വിദ്യാദാനത്തിന്റെ ഈ ഘട്ടങ്ങളെ പലപ്പോഴും ഇന്നത്തെ ആളുകൾക്ക് ഉൾക്കൊള്ളാൻ പ്രയാസമാണ്. ആധുനിക വിദ്യാഭ്യാസത്തെ പരിചയിച്ചുവന്നതും, ഇന്റർനെറ്റിന്റെ പ്രചാരത്തോടെ മന്നോട്ടപോകുന്ന ഇൻഫർമേഷൻ യുഗത്തിൽ ജീവിക്കുന്നവരുമായതിനാൽ ഈ തലമുറ അറിവിനവേണ്ടി കാത്തിരിക്കാൻ തയ്യാറല്ല. എന്നാൽ വൈദികമായ വിദ്യകളുടെ സ്വരൂപം ഇങ്ങനെയല്ല. ശിഷ്യനാകുന്ന കൃഷിസ്ഥലത്തെ ഒരുക്കിയെടുത്ത ശേഷമേ ഗുരു അറിവിന്റെ വിത്തു വിതയ്ക്കൂ. അങ്ങനെയുള്ള ഗുരുപരമ്പരയിൽനിന്നാണ് രാമനെപ്പോലുള്ള കല്പവൃക്ഷങ്ങൾ ഉണ്ടായിവളർന്നതും ലോകത്തിന് തണലായതും.