25 മുതൽ നെന്മാറയിലെ സോളാർ പാടത്തു നിന്ന് വൈദ്യുതി

Sunday 20 July 2025 1:21 AM IST

നെന്മാറ: എട്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം നെന്മാറയിലെ സോളാർ പാടത്തുനിന്ന് വൈദ്യുതി ഉത്പാദനം തുടങ്ങുന്നു. നെന്മാറ കെ.എസ്.ഇ.ബി പഴയ സെക്ഷൻ ഓഫീസ് വളപ്പിൽ നിർമ്മാണം പൂർത്തിയായ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 25ന് 11ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.

കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് വല്ലങ്ങിയിലേക്ക് മാറ്റിയതോടെയാണ് ഈ ഭാഗത്ത് സോളാർപാടം നിർമ്മിക്കാൻ ബോർഡ് പദ്ധതി തയ്യാറാക്കിയത്. 2017 ജനുവരിയിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന എം.എം.മണിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഒട്ടേറെ വിവാദങ്ങൾക്കു ശേഷം പല കാരണങ്ങളാൽ പദ്ധതി മുടങ്ങിക്കിടന്നു. നിർമ്മാണോദ്ഘാടനം നടത്തി. 9.69 കോടി രൂപ ചെലവഴിച്ച് 1.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി. മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടികൾ വൈകിയതോടെ രണ്ടുവർഷം നീണ്ടു.

പിന്നീട് കരാർ എടുത്ത നോയിഡയിലെ ജാക്സൺ എൻജിനീയേഴ്സ് കമ്പനി കൂടുതൽ തുക ആവശ്യപ്പെട്ടു. തുക നൽകാനാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചതോടെ വീണ്ടും രണ്ടുവർഷം വൈകി. 2021ൽ പുനെയിലെ ഇ ഊർജ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് നൽകിയെങ്കിലും ജി.എസ്.ടി തുക കേന്ദ്രം വർധിപ്പിച്ചതോടെ അവർ പണി ഉപേക്ഷിച്ചു.

പിന്നീടാണ് 8.08 കോടി രൂപയ്ക്ക് ഇൻകെൽ കൺസൽട്ടസി കമ്പനിക്ക് കരാർ നൽകി 2023 ഡിസംബറിൽ പണി പുനരാരംഭിച്ചത്. 2024 ഫെബ്രുവരിയിൽ ഊർജോത്പാദനം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വൈകിയതോടെ വീണ്ടും ഒരുവർഷം കൂടി വൈകി.

ഒൻപത് ഏക്കർ സ്ഥലത്ത് പൂർണമായും പാനലുകൾ സ്ഥാപിക്കാൻ കഴിയുന്ന രീതിയിൽ നിലമൊരുക്കി. ഇതിൽ തൂണുകൾ നിർമിച്ചാണ് പാനലുകൾ സ്ഥാപിച്ചത്. 4,500 പാനലുകൾ വഴി 1.5 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഇത് പൂർണമായും കെ.എസ്.ഇ.ബിയ്ക്കാണ് കൈമാറുന്നത്.