കാന്തപുരം പറയുന്നതു നോക്കിയാൽ മതിയെന്ന നിലയിലെത്തി ഭരണസംവിധാനം: വെള്ളാപ്പള്ളി

Sunday 20 July 2025 12:00 AM IST

കോട്ടയം: കാന്തപുരം പറയുന്നത് മാത്രം നോക്കി ഭരിച്ചാൽ മതിയെന്ന നിലയിൽ കേരളമെത്തിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. വൈകാതെ കേരളത്തിൽ മുസ്ളിങ്ങൾ ഭൂരിപക്ഷമാകും. സർക്കാർ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് പോയി ചോദിച്ചില്ലെങ്കിൽ നടക്കില്ലെന്ന അവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിലെ വിവിധ യൂണിയനുകളിൽ നടത്തുന്ന ശാഖാനേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൂംബയിലും സ്കൂൾ സമയമാറ്റത്തിലുമെല്ലാം ഇടപെടലുകൾ ഉണ്ടാകുന്നു. ഇത് മതേതരത്വമല്ല മതാധിപത്യമാണ്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലെ നിയോജകമണ്ഡലങ്ങൾ കുറച്ചപ്പോൾ മലപ്പുറത്തു നാല് സീറ്റുകളാണ് കൂടിയത്. കേരളത്തിൽ മുസ്ലിംലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും കൂടുതൽ ചോദിക്കും. മലബാറിന് പുറത്ത് തിരു -കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. മുഖ്യമന്ത്രി സ്ഥാനമാണ് ലീഗ് ലക്ഷ്യമിടുന്നത്. മലപ്പുറത്ത് പോയി സത്യം പറഞ്ഞതിന് എല്ലാം മുസ്ളിങ്ങളും ഒറ്റക്കെട്ടായാണ് തന്നെ അക്രമിച്ചത്. പിന്നീട് മുഖ്യമന്ത്രി പിന്തുണച്ചതോടെയാണ് എല്ലാവരും നാവടക്കിയത്. സത്യം പറയുമ്പോൾ അത് വർഗീയതയും ജാതീയതയുമാണെന്ന് പറയുന്നു.

സംവരണ സമുദായ മുന്നണിയുടെ ഭാഗമായി കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്നെങ്കിലും മുസ്ളിങ്ങളാണ് കാര്യം സാധിച്ചത്. ഈഴവന് ഒരു പ്രയോജനവുമുണ്ടായില്ല. തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഈഴവർക്ക് പ്രാതിനിദ്ധ്യം.

ഈഴവർ ഒരുമിച്ചു നിന്നാൽ ഭരിക്കാനുള്ള ശക്തിയുണ്ട്. കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കാം. ഏത് പാർട്ടിയിൽ ചേർന്നാലും പ്രാതിനിദ്ധ്യം നേടിയെടുക്കണം. ഈഴവർക്ക് സ്വാധീനമുള്ള മേഖലയിൽ അധികാരത്തിലെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സന്ദേശം നൽകി. യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, വൈസ് ചെയർമാൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി, ജോ.കൺവീനർ വി.ശശികുമാർ എന്നിവർ സംസാരിച്ചു.