മദ്യപിച്ച് മർദ്ദനവും പീഡനവും, ഭർത്താവിൽ നിന്ന് നേരിട്ടത് കൊടുംക്രൂരത, അതുല്യ വീട്ടുകാർക്ക് അയച്ച വീഡിയോയും ചിത്രങ്ങളും പുറത്ത്
ഷാർജ : ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ (30) കുടുംബത്തിന് അയച്ച് വീഡിയോയും ചിത്രങ്ങളും പുറത്ത്. മദ്യപിച്ച ശേഷമുള്ള ഭർത്താവിന്റെ പെരുമാറ്റവും പീഡനവും അടങ്ങിയ വീഡിയോയാണ് പുറത്തുവന്നത് ഭർത്താവിന്റെ കൊടുംക്രൂരത വീഡിയോയിൽ വ്യക്തമാണ്. സതീഷ് കസേര കൊണ്ട് അതുല്യയെ അടിക്കാൻ ശ്രമിക്കുന്നതിന്റെയും ശാരീരികമായി ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സതീഷ് ബഹളം വയ്ക്കുന്നതിന്റെയും അതുല്യ നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്. സതീഷിന്റെ ആക്രമണത്തിൽ ശരീരത്തിൽ പരിക്കേറ്റ പാടുകൾ അതുല്യ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകിയിരുന്നു. ഫ്ലാറ്റിന്റെ വാതിൽ പുറത്ത് നിന്നും പൂട്ടിയിട്ടാണ് സതീഷ് ജോലിക്ക് പോയിരുന്നതെന്നും അതുല്യയുടെ ഷാർജയിലുള്ള സുഹൃത്തുക്കൾ ആരോപിച്ചു.
ഭർത്താവ് സതീഷിന്റെ പീഡനത്തെ തുടർന്നാണ് അതുല്യ മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ശാസ്താംകോട്ട സ്വദേശി സതീഷിനെതിരെയാണ് കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയത്. പുതിയ ജോലിക്ക് ചേരാനിരുന്ന ദിവസമാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് അതുല്യയുടെ ജന്മദിനം കൂടിയായിരുന്നു എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
കൊല്ലം ചവറ തെക്കുംഭാഗം കോയിവിള അതുല്യ ഭവനിൽ അതുല്യ സതീഷിനെ (30) ആണ് ഷാർജയിലെ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാർജ പൊലീസിൽ മുൻപ് പരാതി നൽകിയിട്ടുണ്ട്. വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം.
ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ളാറ്റിന് സമീപം താമസിക്കുന്നുണ്ട്. ഭർത്താവിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ അഖിലയോടു പറഞ്ഞിരുന്നെന്നാണ് വിവരം. ഷാർജ ഫൊറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്കശേഷം നാട്ടിലേയ്ക്ക് കൊണ്ടപോകും.