 സ്കൂൾ ഭക്ഷണം അദ്ധ്യാപകർ പണം ചെലവഴിച്ചാൽ ആ തുക സർക്കാർ നൽകും: മന്ത്രി

Sunday 20 July 2025 12:00 AM IST

തിരുവനന്തപുരം: പരിഷ്ക്കരിച്ച സ്കൂൾ ഭക്ഷണ മെനു നടപ്പിലാക്കാൻ അദ്ധ്യാപകർ കയ്യിൽ നിന്ന് പണം ചെലവഴിക്കുന്നുവെന്നത് പ്രതിപക്ഷത്തിന്റെ കുപ്രചാരണമാണെന്നും അങ്ങനെ ഏതെങ്കിലും അദ്ധ്യാപകർ പണം ചെലവഴിച്ചാൽ ആ തുക സർക്കാർ നൽകുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് നല്ല ഭക്ഷണം നൽകിവരികയാണ്. സ്കൂൾ പി.ടി.എയും എല്ലാം ചേർന്നാണിത് ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം തേടാനും നിർദ്ദേശിച്ചിട്ടുണ്ട്.

മിഥുൻ എന്ന മിടുക്കന്റെ

മരണം സഹിക്കാനാവില്ല

തേവലക്കരയിലെ മിഥുൻ എന്ന വിദ്യാർത്ഥിയുടെ മരണം ഹൃദയഭേദകമാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ആ മോൻ വലിയ മിടുക്കനായിരുന്നു. എന്തിനും മുന്നിൽ നിൽക്കുന്നവൻ. ആ മരണത്തിന് ഉത്തരവാദികളായ ആരെയും വെറുതെ വിടില്ല. നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. സ്കൂൾ മാനേജ്മെന്റിനും നോട്ടീസ് നൽകിയിട്ടുണ്ട്. കുട്ടി മരിച്ചാൽ ആശുപത്രിയിൽ പോകാൻ വിദ്യാഭ്യാസ മന്ത്രിക്കും,പ്രതിപക്ഷ നേതാവിനുമെല്ലാം അവകാശമുണ്ട്. പക്ഷേ മരണത്തെ രാഷ്ട്രീയവത്കരിച്ച് വണ്ടിക്കു മുന്നിൽ എടുത്തുചാടി പുതിയ രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് അപകടമാണ്. കഴിഞ്ഞ ദിവസം തന്റെ വണ്ടിക്കു മുന്നിൽ എടുത്തുചാടിയ ആളെ തന്റെ ഡ്രൈവറുടെ അസാധാരണ മിടുക്കുകൊണ്ടാണ് രക്ഷപ്പെടുത്തിയതെന്ന് ശിവൻകുട്ടി പറഞ്ഞു.

വലിയ മുന്നൊരുക്കങ്ങളോടെയും തയ്യാറെടുപ്പുകളോടും കൂടിയുമാണ് സ്കൂളുകൾ തുറന്നത്. പതിനാലായിരത്തോളം വരുന്ന സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടന്നു. ഇതിനു മുന്നോടിയായി മേയ് 13ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ സുരക്ഷാ ഓഡിറ്റ് നടന്നത്. ഇതിനെക്കുറിച്ച് ധാരണയില്ലാത്തവരാണ് സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യപ്പെടുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും പൊതു വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.