സൗജന്യവെള്ളത്തിന് വേണം 12 കോടി, പണമില്ലാതെ വാട്ടർ അതോറിട്ടി
ആലപ്പുഴ: സംസ്ഥാനത്ത് മുൻഗണനാ വിഭാഗക്കാർക്ക് സൗജന്യമായി പ്രതിവർഷം 12 കോടിയിലേറെ രൂപയുടെ വെള്ളം വേണമെന്നിരിക്കെ, അതിനുള്ള ഫണ്ട് കണ്ടെത്താനാകാതെ വാട്ടർ അതോറിട്ടി. 2008 മുതലാണ് മുൻഗണനാ വിഭാഗങ്ങൾക്ക് പ്രതിമാസം 15000 ലിറ്റർ വരെ വെള്ളം സൗജന്യമാക്കിയത്. ദരിദ്ര ജനവിഭാഗങ്ങൾക്ക് നൽകിവരുന്ന വെള്ളത്തിന്റെ പണം വാട്ടർ അതോറിട്ടിക്ക് സർക്കാരോ, തദ്ദേശ സ്ഥാപനങ്ങളോ നൽകുകയാണ് പതിവ്. എന്നാൽ, 2023 വരെ എട്ട് കോടിയോളം രൂപ വാട്ടർ അതോറിട്ടിക്ക് കിട്ടാനുണ്ട്.
വൈദ്യുതി ചാർജ് ഇനത്തിൽ കഴിഞ്ഞ വർഷം 8 കോടി വകവച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന വാട്ടർ അതോറിട്ടിക്ക് പദ്ധതി തുടരുന്ന കാര്യത്തിൽ ഇപ്പോഴും നിശ്ചയമില്ല.
സംസ്ഥാനത്ത് മുൻഗണനാ വിഭാഗത്തിൽപ്പെട്ട ആറ് ലക്ഷം കുടുംബങ്ങളാണ് സൗജന്യ കുടിവെള്ള പദ്ധതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ, ജൽജീവൻ പദ്ധതി വന്നതോടെ കുടിവെള്ള കണക്ഷനുകൾ 18 ലക്ഷത്തിൽ നിന്ന് 46 ലക്ഷമാകുകയും ബി.പി.എൽ ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. കൂടാതെ, 2024 സാമ്പത്തിക വർഷത്തെ ബി.പി.എൽ ഇളവിനായി പത്ത് ലക്ഷത്തിലധികം പേർ അപേക്ഷിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ പ്രതിവർഷം 12 കോടിയിലധികം രൂപ സൗജന്യ കുടിവെള്ള പദ്ധതിക്കായി വേണ്ടിവരും.
സംസ്ഥാന ബഡ്ജറ്റിൽ ഇതിനുള്ള തുക വകയിരുത്തിയിട്ടില്ല. സർക്കാരിൽ നിന്ന് നോൺ പ്ലാൻ ഗ്രാന്റ് ലഭിക്കാത്ത സാഹചര്യത്തിൽ ബി.പി.എൽ ഉപഭോക്താക്കൾക്ക് നൽകുന്ന സബ്സിഡി തുടരാൻ കേരള വാട്ടർ അതോറിറ്റിക്ക് സാധിക്കാത്ത അവസ്ഥയാണ്. സബ്‌സിഡിക്ക് തുല്യമായ തുക ഗ്രാന്റായോ, നോൺ പ്ളാൻ ഫണ്ടായോ നൽകിയെങ്കിലേ പദ്ധതി തുടരാനാകൂ. ഇതിനായി വാട്ടർ അതോറിട്ടി ബോർഡ് യോഗം സർക്കാരിന് ശുപാർശ സമർപ്പിച്ചിരിക്കുകയാണ്.
കുടിവെള്ള കണക്ഷൻ
ജൽജീവന് മുമ്പ്................18 ലക്ഷം
ജൽജീവനു ശേഷം..............46 ലക്ഷം
ബി.പി.എൽ (ജൽജീവന് മുമ്പ്) ...6ലക്ഷം
പുതിയ അപേക്ഷകർ..........10 ലക്ഷം
സൗജന്യവെള്ളം (പ്രതിമാസം)....15,000 ലിറ്റർ
സൗജന്യവെള്ളക്കരം വേണ്ടത്...10-12 കോടി
കുടിവെള്ള കണക്ഷനുകൾ കൂടിയതനുസരിച്ച് സ്രോതസ് വിപുലപ്പെടാത്തത് വെല്ലുവിളിയാണ്. സൗജന്യമായി നൽകുന്ന വെള്ളത്തിന്റെ വില സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നൽകണമെന്ന് ആവശ്യപ്പെട്ട് ബോർഡ് ശുപാർശ സമർപ്പിച്ചിട്ടുണ്ട്
- ഡയറക്ടറേറ്റ് , ഓപ്പറേഷൻ വിഭാഗം, കേരള വാട്ടർ അതോറിട്ടി