കുട്ടിപ്പരാതികൾ കേൾക്കാൻ ചൈൽഡ് ഹെൽപ് ലൈൻ, 1098 റീബ്രാന്റ് ചെയ്തു

Sunday 20 July 2025 12:15 AM IST

തിരുവനന്തപുരം:വിഷമതകൾ അനുഭവിക്കുന്ന ഏതൊരു കുട്ടിയ്ക്കും ഏതു സമയത്തും നേരിട്ട് വിളിക്കാൻ കഴിയുന്ന വിധത്തിൽ ചൈൽഡ് ഹെൽപ് ലൈൻ 1098 റീബ്രാന്റ് ചെയ്ത് സംസ്ഥാന വനിത ശിശുവികസന വകുപ്പ്.ചൈൽഡ് ഹെൽപ് ലൈൻ റീബ്രാന്റിംഗ് ലോഗോ പ്രകാശനം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.കുട്ടികളുടെ അടിയന്തര സഹായ സംവിധാനമായി വനിത ശിശു വികസന വകുപ്പ് മഖേന സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന ചൈൽഡ് ഹെൽപ് ലൈനാണ് 1098.ഇതുവരെ 4,86,244 കോളുകൾ സ്വീകരിക്കുകയും 32,330 കുട്ടികൾക്ക് കൃത്യമായ ഇടപെടലുകളിലൂടെ സഹായം നൽകുകയും ചെയ്‌തു.എന്നാൽ ഇപ്പോഴും കുട്ടികൾ നേരിട്ട് വിളിക്കുന്നത് കുറവാണ്.ഇതിന് മാറ്റം വരുത്തി ബോധവത്ക്കരണം നൽകി കുട്ടികൾക്ക് നേരിട്ട് വിളിക്കാൻ കഴിയുന്ന തരത്തിലാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.ഏതൊരു കുട്ടിയ്ക്കും സഹായം ആവശ്യമായി വരുന്ന ഘട്ടത്തിൽ നേരിട്ട് വിളിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായാണ് റീബ്രാന്റ് ചെയ്തത്.സംസ്ഥാനതല കൺട്രോൾ റൂമും ജില്ലാതല യൂണിറ്റുകൾക്കും പുറമെ തിരുവനന്തപുരം,എറണാകുളം,തൃശൂർ,കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്‌കുകളും പ്രവർത്തിക്കുന്നുണ്ട്.സംസ്ഥാനതല കൺട്രോൾ റൂം തിരുവനന്തപുരത്തെ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റിലാണ് സജ്ജമാക്കിയിരിക്കുന്നത്.അടിയന്തര പ്രാധാന്യമുള്ള എമർജൻസി കോളുകൾ 112ലേക്ക് ഫോർവേർഡ് ചെയ്യുകയും ആവശ്യമായ നടപടികൾ ഉറപ്പു വരുത്തുകയും ചെയ്യും.