ഫ്‌ളാറ്റിൽ കുടുങ്ങിപ്പോയ വൃദ്ധയ്ക്ക് അഗ്നിശമനസേന രക്ഷകരായി

Sunday 20 July 2025 12:13 AM IST

തിരുവല്ല : ശാരീരിക അവശതകളെ തുടർന്ന് ഫ്‌ളാറ്റിൽ കുടുങ്ങിപ്പോയ വൃദ്ധയ്ക്ക് അഗ്നിശമനസേന രക്ഷകരായി. കുരിശുകവലയ്ക്കു സമീപം സി.വി.പി ടവറിലെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഏലിയാമ്മ (83)യെയാണ് അവശയായ നിലയിൽ ആശുപത്രിയിലാക്കിയത്. ഇന്നലെ രാവിലെ മുതൽ ഏലിയാമ്മയെ പുറത്തുകാണാതിരുന്നതിനെ തുടർന്ന് സമീപവാസികൾ പൊലീസിനെയും ഫയർ ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിസമന സേനയെത്തി ഡോർ ബ്രേക്ക്‌ ചെയ്ത് അകത്തുകടന്നപ്പോൾ സ്ത്രീ അവശയായി നിലത്തുവീണു കിടക്കുകയായിരുന്നു. മലമൂത്ര വിസർജനം നടന്നിരുന്നതിനാൽ സമീപവാസികളായ സ്ത്രീകളുടെ സഹായത്താൽ വസ്ത്രം മാറിയശേഷം 108 ആംബുലൻസിൽ വൃദ്ധയെ സ്വകാര്യആശുപത്രിയിലാക്കി. വിദേശത്തു മിനിസ്ട്രിയിൽ നഴ്സായിരുന്ന വൃദ്ധ ഭർത്താവിന്റെ മരണശേഷം ഫ്‌ളാറ്റിൽ തനിച്ചാണ്. രണ്ട് പെൺമക്കളിൽ ഒരാൾ ഡൽഹിയിലും മറ്റേയാൾ ബാംഗ്ലൂരിലുമാണ് താമസം. ഫയർ സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീകുമാർ, എൻ.ആർ.ശശികുമാർ, ശിവകുമാർ, സൂരജ് മുരളി, മുകേഷ്, രാംലാൽ, കെ.പി.ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.