സ്വകാര്യ ബസുകൾ 22 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

Sunday 20 July 2025 12:27 AM IST

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകൾ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിറുത്തിവയ്ക്കുമെന്ന് ബസുടമ സംയുക്ത സമിതി ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് പരിഷ്‌കരിക്കണമെന്നത് 14 വർഷമായി ആവശ്യപ്പെടുന്നതാണ്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനം ആയി ഉയർത്തണമെന്ന് ജസ്റ്റീസ് എം.രാമചന്ദ്രൻ കമ്മിഷനും ഡോ.കെ.രവിവർമ്മ കമ്മിഷനും ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ബസ് ജീവനക്കാർക്ക് പി.സി.സി നിർബന്ധമാക്കിയ കരിനിയമം പിൻവലിക്കുക, ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, ഇ ചെലാൻ വഴിയുള്ള അന്യായ പിഴ ചുമത്തൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി നിവേദനങ്ങൾ സർക്കാരിന് നൽകുകയും സമരങ്ങൾ നടത്തിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. സ്വകാര്യ ബസ് സർവീസ് മേഖല വലിയ നഷ്ടത്തിലേക്ക് നീങ്ങുന്നതിനാൽ പലരും ഈ മേഖലയിൽ നിന്ന് പിൻവലിയുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. 22ന് രാവിലെ കളക്ടറേറ്റ് പടിക്കലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തും. ബസുടമ സംയുക്ത സമിതി ജില്ല ഭാരവാഹികളായ ആർ.ഷാജികുമാർ, ലാലു മാത്യു, മുഹമ്മദ് ഷാ , അനീഷ് എ.ഹസൻ, പ്രമോദ് കൃഷ്ണ എന്നിവർ പങ്കെടുത്തു.