ഷാർജയിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ

Sunday 20 July 2025 12:29 AM IST

കൊല്ലം: ഷാർജയിൽ മലയാളി യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചവറ തെക്കുംഭാഗം അതുല്യ ഭവനിൽ അതുല്യ സതീഷിനെയാണ് (30) ഷാർജ റോളയിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. അതിനിടെ ഭർത്താവ് സതീഷ് അതിക്രൂരമായി അതുല്യയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കസേര കൊണ്ട് അതുല്യയെ അടിക്കാൻ ശ്രമിക്കുന്നതിന്റെയും ശാരീരികമായി ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സതീഷ് ബഹളം വയ്ക്കുന്നതും അതുല്യ നിലവിളിക്കുന്നതും ദൃശ്യത്തിലുണ്ട്.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ ബന്ധുക്കൾ ഷാർജ പൊലീസിന് പരാതി നൽകി. പത്ത് വയസുകാരിയായ എക മകൾ ആരാധിക നാട്ടിൽ അതുല്യയുടെ അച്ഛൻ രാജശേഖരൻപിള്ളയ്ക്കും അമ്മ തുളസീഭായിക്കുമൊപ്പമാണ് താമസിക്കുന്നത്. ശാസ്താംകോട്ട സ്വദേശിയും ദുബായിലെ കെട്ടിട നിർമ്മാണ കമ്പനിയിൽ എൻജിനിയറുമായ സതീഷും അതുല്യയും തമ്മിൽ വ്യാഴാഴ്ച വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ സതീഷ് അജ്മാനിലേക്ക് പോയി. അടുത്ത ദിവസം മടങ്ങിയെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സതീഷിന്റെ ആക്രമണത്തിൽ പരിക്കേറ്റതിന്റെ ചിത്രം അതുല്യ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഫ്ലാറ്റിന്റെ വാതിൽ പൂട്ടിയിട്ടാണ് സതീഷ് ജോലിക്ക് പോയിരുന്നതെന്ന് അതുല്യയുടെ ഷാർജയിലുള്ള സുഹൃത്തുക്കൾ ആരോപിച്ചു. സഹോദരി അഖില ഗോകുൽ അതുല്യയുടെ ഫ്ലാറ്റിന് സമീപമാണ് താമസിക്കുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

മൂന്ന് മാസം മുമ്പ് അതുല്യ നാട്ടിൽ വന്നിരുന്നു. രണ്ട് ദിവസത്തിനകം ഷാർജയിലെ ഒരു സ്ഥാപനത്തിൽ അതുല്യ ജോലിക്ക് പോകാൻ തീരുമാനിച്ചിരുന്നതാണ്. അതുല്യയുടെ രക്ഷിതാക്കൾ ചവറ തെക്കുംഭാഗം പൊലീസിനും പരാതി നൽകിയിട്ടുണ്ട്.