സ്വകാര്യ ബസുകളുടെ നിയമലംഘനം കാണുന്നില്ലേ...

Sunday 20 July 2025 12:47 AM IST
ബസ് ബേ തെറ്റിച്ച് പോകുന്ന ബസുകൾ

കോഴിക്കോട്: മുന്നിലെത്താൻ റൺവേ മറികടക്കും, വേഗം കുറയ്ക്കില്ല, കാതടപ്പിക്കുന്ന ഹോൺ മുഴക്കും ജീവൻ വേണമെങ്കിൽ മുന്നിൽ നിന്ന്മാറിക്കോളൂ... എന്ന ഭാവത്തിലാണ് മാനാഞ്ചിറയിലൂടെയുള്ള ബസുകളുടെ പോക്ക്. അപകടങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാനാഞ്ചിറയിലെ എൽ.ഐ.സി ജംഗ്ഷനിൽ ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്‌കാരം കാറ്റിൽ പറത്തിയാണ് ബസുകൾ തലങ്ങും വിലങ്ങും പായുന്നത്. മുന്നിലുള്ള ചെറുവാഹനങ്ങളെ നിറുത്താതെ ഹോണടിച്ച് ഭയപ്പെടുത്തുന്നതും സ്ഥിരംകാഴ്ച. മുന്നിലെത്താൻ പലപ്പോഴും റൺവേ തെറ്റിച്ചാണ് ബസുകൾ ആളുകളെ കയറ്റുന്നതും ഇറക്കുന്നതും.

സിറ്റി ബസ്, സിറ്റിക്ക് പുറത്തേക്ക് പോകുന്ന ബസ്, കെ.എസ്.ആർ.ടി.സി ബസ് എന്നിവ ഒരൊറ്റ വരിയിലൂടെ അകത്ത് കടന്ന് ആളെ കയറ്റി അതേ വരിയിലൂടെയാണ് പുറത്തേക്ക് കടക്കണമെന്നാണ് ചട്ടമെങ്കിലും ഒരു ബസ് നിറുത്തിയിട്ടതിനെ മറി കടന്ന് റോഡിൽ നിറുത്തിയാണ് ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. സിറ്റി ബസുകൾ ബസ് ബേയിൽ ദീർഘനേരം നിറുത്തിയിടുന്നത് മൂലം ബസുകളെടുക്കുന്നത് വരെ മറ്റ് ബസുകൾ ഹോൺ മുഴക്കുന്നതും പതിവ് സംഭവം. കനത്ത മഴയിൽ പോലും ബസുകൾ നിയന്ത്രണമില്ലാതെ ബസ് ബേയിൽ കയറ്റുന്നത് യാത്രക്കാരെ ഭീതിയിലാക്കുകയാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെടുന്നത്. സ്റ്റാൻഡിൽ നിന്നെടുക്കുന്ന ബസുകളും സിറ്റി ബസുകളും എൽ.ഐ.സി സ്റ്റോപ്പിൽ നിർത്താതെ തോന്നിയ പോലെ ബസ് നിർത്തുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുകയാണ്.കണ്ണൂർ, തലശ്ശേരി, ബാലുശ്ശേരി, കൊയിലാണ്ടി തുടങ്ങിയ ദീർഘ ദീര ബസുകളാണ് റെൺവേ തെറ്രിക്കുന്നതിൽ മുൻപന്തിയിൽ. എൽ.ഐ.സി ബസ് സ്റ്റോപ്പിന് സമീപം അപകടങ്ങൾ പതിവായതോടെയാണ് മാനാഞ്ചിറയിൽ കൂടുതൽ ഡിവൈഡറുകൾ നിരത്തി ബസ് ബേയുടെ നീളവും വീതിയും കൂട്ടിയത്.

വേഗത നിയന്ത്രിക്കാൻ നടപടിയില്ല

കമ്മിഷണർ ഓഫിസിന് മുന്നിലൂടെ കിഡ്സൺ കോർണറിലേക്ക് വാഹനങ്ങൾ അമിതവേഗത്തിൽ പ്രവേശിക്കുന്നത്ത തടയാൻ മാനാഞ്ചിറ മൈതാനത്തിന്റെ പ്രവേശന കവാടത്തിനു മുന്നിൽ വലിയ ഹംപ് സ്ഥാപിക്കാൻ പദ്ധതിയുണ്ടെങ്കിലും ഇതുവരെ നടപ്പിലായില്ല. പാളയം ഭാഗത്ത് നിന്നും പുതിയ സ്റ്റാൻഡ് ഭാഗത്ത് നിന്നും വാഹനങ്ങൾ ഒരുപോലെ വരുന്നതിനാൽ ഗതാഗതക്കുരുക്കും പതിവാണ്. അമിതവേഗതയിലെത്തി അശ്രദ്ധമായി വാഹനങ്ങൾ വളവിലൂടെ പോകുന്നത് പലപ്പോഴും വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. മാനാഞ്ചിറയിൽ മാത്രമല്ല നഗരത്തിന്റെ പല ഭാഗങ്ങളിലും ബസുകൾ ചീറിപ്പായുകയാണ്.

''എൽ.ഐ.സി ഭാഗത്ത് ട്രാഫിക് പൊലീസ് എപ്പോഴും ഉണ്ടാകാറുണ്ട്.ആവശ്യമെങ്കിൽ ഈ ഭാഗത്ത് കൂടുതൽ പേരെ നിയോഗിക്കും. ദിവസവും ബസുകളുടെ നിയമലംഘനങ്ങൾക്ക് മാത്രമായി 15 ഓളം കേസുകൾ എടുക്കുന്നുണ്ട്. ഡ്രെെവർമാർക്ക് ക്ളാസുകളും നൽകുന്നു''- സജികുമാർ- സിറ്റി ട്രാഫിക് എസ്.ഐ