അനർട്ടിലെ ക്രമക്കേട്: മുഖ്യമന്ത്രി ഇടപെടണമെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: കർഷകർക്ക് സൗജന്യമായി വൈദ്യുതി നൽകാനുള്ള പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ അനർട്ടിൽ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് തെളിവ് സഹിതം ആരോപണമുയർന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് ഭയം കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.പറഞ്ഞു.
വെറും അഞ്ചു കോടി രൂപ മാത്രം ടെൻഡർ വിളിക്കാൻ അധികാരമുള്ള അനർട്ട് സി.ഇ.ഒ 240 കോടിക്ക് ടെൻഡർ വിളിച്ചത് ആരുടെ അനുമതിയോടെയാണെന്ന് വ്യക്തമാക്കണം. പല കമ്പനികളും ക്വോട്ട് ചെയ്തതിനേക്കാൾ കൂടിയ തുകയ്ക്ക് കോൺട്രാക്ട് നൽകിയിട്ടുണ്ട്. ടെൻഡർ തുറന്ന ശേഷം തിരുത്തിയിട്ടുമുണ്ട്. ടെൻഡർ തുറക്കുന്നതു പോലെയുള്ള തന്ത്രപ്രധാനകാര്യങ്ങളിൽ നിന്ന് ഫിനാൻസ് വകുപ്പിനെ പൂർണമായും മാറ്റി നിർത്തുകയും ചെയ്തു.ഇതൊക്കെ ഗുരുതരമായ ക്രമക്കേടുകളാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും കോടികളുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ട്.
അനർട്ട് സി.ഇ.ഒയെ മാറ്റി നിർത്തി വിശദമായ അന്വേഷണത്തിന് വൈദ്യുത വകുപ്പ് ഉത്തരവിടാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി ശക്തമായ നടപടികൾ സ്വീകരിക്കണം. അഞ്ചു വർഷമായി അനർട്ടിൽ നടക്കുന്ന മുഴുവൻ ഇടപാടുകളും സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.