പട്ടാളക്കാരൻ ആകാനാവാതെ മിഥുൻ മണ്ണിലലിഞ്ഞു

Sunday 20 July 2025 1:15 AM IST

കൊല്ലം: ഫുട്ബാൾ ഗ്രൗണ്ടിൽ രഥവേഗത്തിൽ പായുമ്പോഴും പട്ടാളക്കാരനാകണമെന്നായിരുന്നു പതിമൂന്നുകാരനായ മിഥുന്റെ സ്വപ്നം. ഇന്നലെ മിഥുനൊപ്പം അവൻ കുന്നോളം നെയ്തുകൂട്ടിയ സ്വപ്നങ്ങളും മണ്ണിലലിഞ്ഞു. പഠനത്തിൽ മിടുക്കൻ, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ, പരസഹായി എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങൾ മിഥുനുണ്ട്.

വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള പട്ടകടവിലെ സ്‌കൂളിൽ നിന്ന് ഏഴാം ക്ലാസ് പാസായശേഷം ഒരുപാട് പ്രതീക്ഷകളുടെ ചിറകിലേറിയാണ് മിഥുൻ തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെത്തിയത്. പട്ടാളക്കാരനാകണമെന്ന തന്റെ സ്വപ്നം നേടിയെടുക്കാൻ വേണ്ടിയാണ് കൂടെയുള്ള ഏഴാം തരം വരെ പഠിച്ച കൂട്ടുകാർ ഭരണിക്കാവിലെ മറ്റൊരു സ്കുളിലേക്ക് തുടർ വിദ്യാഭ്യാസത്തിനായി മാറിയെങ്കിലും എൻ.സി.സിയുള്ള സ്കൂൾ തിരഞ്ഞെടുത്ത് മിഥുൻ തേവലക്കര സ്കൂളിലെത്തിയത്. ഡ്മിഷനെടുത്ത് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ തന്റെ ആഗ്രഹമെന്നോണം സ്കൂളിലെ എൻ.സി.സിയിൽ ചേരാനും മിഥുൻ അദ്ധ്യാപകർക്ക് പേര് നൽകിയിരുന്നു.

സ്കുളിലെത്തി പഠനം കഴിഞ്ഞ് സഹപാഠികളെയും അദ്ധ്യാപകരെയും കണ്ട് കുശലം പറഞ്ഞേ മിഥുൻ വീട്ടിലേക്ക് മടങ്ങാറുള്ളൂ. അച്ഛൻ മനുവിന് നാട്ടിൽ കൽപ്പണിയായിരുന്നു. അമ്മ സുജ വേദനയോടെ ഇരുമക്കളെയും പിരിഞ്ഞ് ഭർത്താവ് മനുവിനെയും മുത്തശ്ശിയെയും ഏൽപ്പിച്ച് കുവൈത്തിൽ ഹോം നഴ്‌സായി ജോലിതേടി പോയതുതന്നെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനും ശാസ്താംകോട്ട തടാകതീരഞ്ഞെ പണി പൂർത്തിയാകാത്തതും ചോർന്നൊലിക്കുന്നതുമായ പഴയ വീട് മാറ്റി ചെറുതെങ്കിലും ഒരു പുതിയവീട് പണിയാനുമായിരുന്നു. അതിനിടയിലാണ് മൂത്ത മകൻ മിഥുൻ ദാരുണമായി മരണപ്പെട്ടത്.