എസ്.പിയുടെ വിചിത്ര നടപടി : വൈകിയതിന് എസ്.എച്ച്.ഒമാർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ!
ആലുവ: ജില്ലാ പൊലീസ് ആസ്ഥാനത്ത് നടക്കുന്ന പ്രതിമാസ യോഗത്തിൽ വൈകിയെത്തിയതിന് രണ്ട് എസ്.എച്ച്.ഒമാർക്കും ഒരു വനിതാ എസ്.ഐക്കുമെതിരെ എസ്.പി എം. ഹേമലതയുടെ വിചിത്ര നടപടി വിവാദമായി. വൈകിയെത്തിയ മൂവരും പത്ത് കിലോമീറ്റർ ദൂരം ഓടി വീഡിയോയിൽ പകർത്തി അയയ്‌ക്കണമെന്നായിരുന്നു എസ്.പിയുടെ നിർദ്ദേശം.
മുളന്തുരുത്തി എസ്.എച്ച്.ഒ മനീഷ് പൗലോസ് കഴിഞ്ഞ 16ന് രാവിലെ 5.45ന് മുളന്തുരുത്തി മുതൽ പേപ്പതി വരെ ഓടുകയും വീഡിയോയും ലൊക്കേഷനും എസ്.പിക്ക് അയയ്‌ക്കുകയും ചെയ്തെന്നാണ് വിവരം.
കഴിഞ്ഞയാഴ്ചയാണ് പ്രതിമാസ അവലോകന യോഗത്തിൽ മനീഷ് ഉൾപ്പെടെയുള്ളവർ വൈകിയെത്തിയത്. മനീഷിനൊപ്പം ജീപ്പിൽ ഇതേ സ്റ്റേഷനിലെ വനിത എസ്.ഐ പ്രിൻസിയും ഉണ്ടായിരുന്നു. വൈകിയെത്തിയ മറ്റൊരാൾ കാലടി എസ്.എച്ച്.ഒ അനിൽ മേപ്പിള്ളിയാണ്. അനിൽ മേപ്പിള്ളിയും പ്രിൻസിയും എസ്.പിയുടെ നിർദ്ദേശം പാലിച്ചിട്ടില്ലെന്നാണ് വിവരം.
യോഗം നടന്നതിന്റെ തലേന്നാൾ എസ്.എച്ച്.ഒ മനീഷിന് രാത്രി ഡ്യൂട്ടിയായിരുന്നു. അതിനാലാണ് ആലുവയിലെ അവലോകന യോഗത്തിനെത്താൻ വൈകിയത്. എസ്.പിയുടെ പ്രതിമാസ യോഗം ഒരിക്കൽ പോലും കൃത്യസമയത്ത് നടക്കാറുമില്ല. അതിനാൽ, മിക്ക ഉദ്യോഗസ്ഥരും വൈകിയാണ് വരുന്നത്. എസ്.പി കൃത്യസമയത്ത് വന്ന ദിവസം വൈകിയെത്തിയവർക്ക് പണിയാവുകയും ചെയ്തു.
നിസാര കാര്യങ്ങൾക്ക് പോലും മെമ്മോ നൽകുന്നതായി എസ്.പിക്കെതിരെ പൊലീസ് സേനാംഗങ്ങൾക്ക് പരാതിയുണ്ട്. കഴിഞ്ഞയാഴ്ച്ച ഡി.സി.ആർ.ബി ഡിവൈ.എസ്.പി അബ്ദുൾ റഹീം ഉൾപ്പെടെയുള്ളവർ സ്ഥലംമാറ്റം വാങ്ങിപ്പോയി. മറ്റ് ചിലർ സ്ഥലം മാറ്റത്തിനുള്ള ശ്രമത്തിലാണ്. എസ്.പിയുടെ നടപടികൾ പൊലീസ് അസോസിയേഷനിലും ഓഫീസേഴ്സ് അസോസിയേഷനിലും അമർഷം സൃഷ്ടിച്ചിട്ടുണ്ട്.