ഇ-വേസ്റ്റ് ഇനി പ്രതിസന്ധിയല്ല, ശേഖരിക്കാൻ അടുത്ത ആഴ്ച മുതൽ ഹരിത കർമ്മ സേനാംഗങ്ങളെത്തും

Sunday 20 July 2025 1:47 AM IST

മലപ്പുറം: വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതിയ്ക്ക് അടുത്ത ആഴ്ചയോടെ ജില്ലയിൽ തുടക്കമാവും. ആദ്യഘട്ടമെന്നോണം ജില്ലയിലെ മുഴുവൻ നഗരസഭകളിൽ നിന്നുമാണ് മാലിന്യം ശേഖരിക്കുക. അടുത്ത ഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ പൂർണ പിന്തുണയോടെയും അതത് നഗരസഭകളുടെ നേതൃത്വത്തിലുമാണ് പദ്ധതി നടപ്പാക്കുക.

മാലിന്യങ്ങൾ ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും പദ്ധതിയുടെ നടത്തിപ്പിനെ സംബന്ധിച്ചുമുള്ള ക്ലാസുകൾ ജില്ലയിലെ ഹരിത കർമ്മസേന പ്രസിഡന്റിനും സെക്രട്ടറിയ്ക്കും ക്ലീൻ കേരള മാനേജർ, കോ-ഓർഡിനേറ്റർമാർ എന്നിവർ നൽകിയിട്ടുണ്ട്. ഇനി ഹരിത കർമ്മ സേനാംഗങ്ങൾക്കും പരിശീലനം നൽകും. ഏത് നഗരസഭയിലാണ് ആദ്യം പദ്ധതി ആരംഭിക്കുക എന്നതിൽ തീരുമാനമായിട്ടില്ല. ആറ് മാസത്തിലൊരിക്കൽ എന്ന രീതിയിൽ വർഷത്തിൽ രണ്ട് തവണയാണ് മാലിന്യങ്ങൾ ശേഖരിക്കുക.

ഓരോ വസ്തുവിനും അവയുടെ തൂക്കത്തിന് അനുസരിച്ച് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച പ്രകാരമുള്ള തുക ഹരിത ക‌ർമ സേനാംഗങ്ങൾ കൺസോർഷ്യം ഫണ്ടിൽ നിന്നും നൽകും. തുടർന്ന്, ക്ലീൻ കേരള കമ്പനി ഇ-മാലിന്യങ്ങൾ നഗരസഭകളിൽ നിന്ന് ഏറ്റെടുത്ത് ഹരിത കർമ്മ സേനാഗംങ്ങൾക്ക് പണം നൽകും. പുനഃചംക്രമണത്തിന് യോഗ്യമായ മാലിന്യങ്ങൾക്കാണ് പണം ലഭിക്കുക.

ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ

സി.ആർ.ടി ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്‌ടോപ്പ്, സി.പി.യു, സി.ആർ.ടി മോണിറ്റർ, മൗസ്, കീബോർഡ്, എൽ.സി.ഡി മോണിറ്റർ, എൽ.സി.ഡി/എൽ.ഇ.ഡി ടെലിവിഷൻ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയൺ ബോക്സ്, മോട്ടർ, സെൽഫോൺ, ടെലിഫോൺ, റോഡിയോ, മോഡം, എയർ കണ്ടീഷനർ, ബാറ്ററി, ഇൻവെർട്ടർ, യു.പി.എസ്, സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്.എം.പി.എസ്, ഹാർഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പി.സി.ബി ബോർഡ്, സ്പീക്കർ, ഹെഡ് ഫോൺ, സ്വിച്ച് ബോർഡ്, എമർജൻസി ലാംപ്.

അലക്ഷ്യമായി വലിച്ചെറിയുന്ന ഇ-മാലിന്യങ്ങൾ വഴി പരിസ്ഥിതിക്കുണ്ടാകുന്ന അപകടം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. 20ന് ശേഷം ഓരോ നഗരസഭകളിൽ നിന്നായി ഇ-മാലിന്യങ്ങൾ ശേഖരിക്കും. വരുൺ ശങ്കർ, ക്ലീൻ കേരള മലപ്പുറം ജില്ലാ മാനേജർ