പുല്ലങ്കോട് എസ്റ്റേറ്റിൽ വീണ്ടും കടുവ: മേയ്ക്കുപശുവിനെ ആക്രമിച്ചു
കാളികാവ്: ആഴ്ചയുടെ ഇടവേളക്കു ശേഷം മലയോരത്ത് വീണ്ടും കടുവ പശുവിനെ ആക്രമിച്ചു. പശുവിനെ മേച്ചിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ചോക്കാട് പുല്ലങ്കോട് റബർ എസ്റ്റേറ്റിലെ അമ്പത്തിരണ്ടാം ഡിവിഷനിലാണ് സംഭവം. ശനിയാഴ്ച രാവിലെ 11.30നാണ് പശുവിനെ കടുവ പിടികൂടിയത്. ഇരുപതോളം പശുക്കളുടെ കൂട്ടത്തിൽ നിന്ന് ഒന്നിനെയാണ് പിടിച്ചത്.
എസ്റ്റേറ്റിലെ പശുനോട്ടക്കാരനായ തയ്യിൽ നാസിറാണ് ഓടി രക്ഷപ്പെട്ടത്. നാസറും കടുവയും പത്ത് മീറ്ററിനുള്ളിൽ നേർക്കു നേർ നിന്നു.നാസർ ഉച്ചത്തിൽ ബഹളം വച്ചതോടെ കടുവ പശുവിന്റെ കടി വിട്ട് കാട്ടിൽ കയറി മറഞ്ഞു.
തുടർന്ന് എസ്റ്റേറ്റിൽ നിന്ന് മാനേജർ അടക്കമുള്ളവർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചാണ് കടുവയെ അകറ്റിയത്. പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് വനപാലകരും സ്ഥിരീകരിച്ചിട്ടുണ്ട്.
പശുവിന്റെ കഴുത്തിന്റെ രണ്ടു ഭാഗത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. മുറിവിൽ നിന്ന് ചോര വാർന്നു പോയിരുന്നു.
നേരത്തെ തൊഴിലാളിയെ കടുവ കടിച്ചു കൊന്ന അടക്കാക്കുണ്ട് റാവുത്തൻ കാടിനോട് വളരെ അടുത്താണ് ഇപ്പോ കടുവയെ കണ്ട എസ്റ്റേറ്റ് 52-ാം ഡിവിഷനുള്ളത്.കടുവയെ നേരിൽ കണ്ടതായും നല്ല വലിപ്പമുള്ളതായും നാസർ പറഞ്ഞു.കുമ്മാളി ഖാലിദിന്റെ പശുവിനെയാണ് ആക്രമിച്ചത്.പശുവിന് കഴുത്തിലും പുറത്തും മുറിവേറ്റിട്ടുണ്ട്.
ഈ സംഭവത്തോടെ എസ്റ്റേറ്റ് തൊഴിലാളികൾ കടുത്ത ഭീതിയിലാണ്.
രണ്ടു വർഷത്തോളമായി ഈ മേഖലയിൽ നിരന്തരം കടുവകളെ തൊഴിലാളികൾ കാണാറുണ്ട്. അമ്പത്തിരണ്ടാം ഡിവിഷനു തൊട്ടു മുകളിൽ റിസർവ്വ് വനമാണ്. ഇവിടെ നിന്നാണ് കടുവയിറങ്ങുന്നത്.
കഴിഞ്ഞ കുറെ കാലങ്ങളായി കടുവ ഭീഷണിയുണ്ടെന്ന് തോട്ടം മാനേജ്‌മെന്റിനും വനം വകുപ്പിനും മുന്നറിയിപ്പ് നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിലാളികളുടെ ജീവൻ വച്ചുള്ള കളി അനുവദിക്കില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
തൊഴിലാളികൾക്ക് സംരക്ഷണം നൽകണമെന്നും പാരമ്പര്യമായി എസ്റ്റേറ്റ് ഉപയോഗിക്കുന്ന തോക്കുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെന്നും ജനറൽ മാനേജർ റെനി ആന്റണി ആവശ്യപ്പെട്ടു.