കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം സുഭാഷ് ചന്ദ്രന്

Sunday 20 July 2025 1:50 AM IST

പൊന്നാനി: ഈ വർഷത്തെ കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം എഴുത്തുകാരനും മാതൃഭൂമി വാരികയുടെ പത്രാധിപരുമായ സുഭാഷ് ചന്ദ്രന് സമർപ്പിക്കുമെന്ന് പുരസ്‌കാര നിർണ്ണയ സമിതി പത്രകുറിപ്പിൽ അറിയിച്ചു. 'മനുഷ്യന് ഒരു ആമുഖം' എന്ന പ്രഥമ നോവലിനു തന്നെ കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ മലയാള സാഹിത്യത്തിലെ ആദ്യ എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രൻ. മലയാളത്തിലെ മികച്ച കഥാകൃത്തും പത്രാധിപരുമാണ് അദ്ദേഹം. ശില്പവും പ്രശസ്തിപത്രവും 15,000 (പതിനയ്യായിരം) രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. കവി ആലങ്കോട് ലീലാകൃഷ്ണൻ (ചെയർമാൻ), ഇ എം സതീശൻ (കൺവീനർ), സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി, ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ്, അജിത് കൊളാടി എന്നിവരടങ്ങിയ പുരസ്‌കാര നിർണ്ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കൊളാടിയുടെ 22ാം ചരമവാർഷിക ദിനമായ ആഗസ്റ്റ് 13ന് ഉച്ചതിരിഞ്ഞ് പൊന്നാനിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സുഭാഷ് ചന്ദ്രന് കൊളാടി സ്മാരക പുരസ്‌കാരം സമ്മാനിക്കും. പ്രശസ്ത കവിയും പ്രഭാഷകനുമായ പി എൻ ഗോപീകൃഷ്ണൻ, കൊളാടി സ്മാരക പ്രഭാഷണം നിർവ്വഹിക്കും.