റോഡിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു, 19കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട്ടാണ് സംഭവം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് സുരേഷ് (19) ആണ് മരിച്ചത്. മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ്. കാറ്ററിംഗ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങവേയാണ് അപകടം. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെത്തുടർന്ന് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടന്നതാണ് അപകടത്തിന് കാരണമായത്.
ഇന്നലെ അർദ്ധരാത്രി 12 മണിയോടെ പനയമുട്ടം മുസ്ളീം പള്ളിക്ക് സമീപത്തായായിരുന്നു സംഭവം. അക്ഷയ്ക്കൊപ്പം മറ്റ് രണ്ടുപേർ കൂടി ബൈക്കിലുണ്ടായിരുന്നു. അക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിന് മുകളിലേയ്ക്ക് വീണതിനെത്തുടർന്ന് പോസ്റ്റും മരവും റോഡിൽ കിടന്നിരുന്നു. ഇതുവഴി കടന്നുവന്ന അക്ഷയ്‌യുടെ ബൈക്ക് പോസ്റ്റിൽ തട്ടിയതിന് പിന്നാലെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
അപകടത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിളിച്ചുകൂട്ടി അക്ഷയ്‌യെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്ഷയ്‌യുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വളരെ പഴക്കം ചെന്ന പോസ്റ്റാണ് ഒടിഞ്ഞുവീണതെന്നും പലതവണ ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.