സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിയുടെ മരണം; പ്രതിഷേധ പ്രകടനവുമായി യുവജന സംഘടനകൾ, റോഡ് ഉപരോധം

Sunday 20 July 2025 8:55 AM IST

പേരാമ്പ്ര: സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് പി.ജി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി യുവജന സംഘടനകൾ. മരുതോങ്കര മൊയലോത്തറ താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദാണ് (20) മരിച്ചത്. പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ വൈകിട്ട് 3.55നായിരുന്നു അപകടം നടന്നത്.

വിദ്യാർത്ഥിയുടെ മരണത്തിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, എസ്‌എഫ്‌ഐ, കെഎസ്‌യു, എബിവിപി, ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. സമരം തുടരുമെന്നും ഇവർ അറിയിച്ചു. പ്രദേശത്ത് സ്വകാര്യ ബസുകൾ നിരന്തരം അപകടമുണ്ടാക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയാൽ തടയുമെന്ന് പ്രതിഷേധക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നിലവിൽ കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ ബസുകൾ സർവീസ് നടത്തുന്നില്ല. ഇത് യാത്രക്കാരെ വലയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

കോഴിക്കോട് നിന്ന് കുറ്റ്യാടിയ്ക്ക് പോവുകയായിരുന്ന ഒമേഗ എന്ന ബസാണ് വിദ്യാർത്ഥി സഞ്ചരിക്കുകയായിരുന്ന ബൈക്കിനെ ഇടിച്ചത്. അമിത വേഗതയിൽ വന്ന ബസ് ബൈക്കിൽ ഇടിച്ചതിന് പിന്നാലെ പിൻചക്രം ജവാദിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാലിക്കറ്റ് സർവകലാശാല ചാലിക്കര റീജിയണൽ സെന്ററിൽ പി.ജി വിദ്യാർഥിയാണ് മരിച്ച ജവാദ്.