ഇനി കേരളം ഞങ്ങളുടേതും; മലയാളം പരീക്ഷ പാസായത് 8500 അന്യസംസ്ഥാനക്കാർ, യുപിക്കാർ മുന്നിൽ

Sunday 20 July 2025 12:29 PM IST

തൊടുപുഴ: തൊഴിൽതേടി കേരളത്തിലെത്തി, കഴിഞ്ഞ ഏഴ് വർഷത്തിനിടെ മലയാളം പരീക്ഷ പാസായത് 8500 അന്യസംസ്ഥാനക്കാർ. ഇക്കൂട്ടത്തിൽ മൂന്ന് നേപ്പാളികളുമുണ്ട്. സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന 'ചങ്ങാതി' സാക്ഷരതാ പദ്ധതിയാണ് തുണയായത്. ഹമാരി മലയാളം എന്ന പുസ്തകം വഴി സൗജന്യമായാണ് പഠനം. മലയാളി തൊഴിലാളികളുമായി അടുത്തിടപഴകാനും നിത്യജീവിതത്തിൽ മറ്റുകാര്യങ്ങൾക്കും മലയാളം സഹായിക്കാനും ഉദ്ദേശിച്ചാണ് പഠനം.

2017ലെ സ്വാതന്ത്ര്യദിനത്തിൽ പെരുമ്പാവൂർ നഗരസഭയിൽ മാതൃകാ പദ്ധതിയായിട്ടാണ് 'ചങ്ങാതി' ആരംഭിച്ചത്. 27 വാർഡുകളിൽ താമസിച്ചുവന്ന 469 പേരെ ആദ്യം സാക്ഷരരാക്കി. പിന്നീട് നാല് ഘട്ടങ്ങളിലായി പരീക്ഷ എഴുതിയ 8591 പേരിൽ 8482 പേരും വിജയിച്ചു. ഇവരിൽ 1040 സ്ത്രീകളുമുണ്ട്. ആലപ്പുഴ പള്ളിപ്പുറം പല്ലുവേലി ഗവ. യു.പി സ്‌കൂളിൽ 561 സ്ത്രീകൾ ഒരുമിച്ച് പരീക്ഷയെഴുതിയാണ് ജയിച്ചത്.

യുപിക്കാർ മുന്നിൽ

നാലാം ഘട്ടത്തിൽ കൂടുതൽ പഠിതാക്കൾ ഉത്തർപ്രദേശിൽ നിന്നാണ് - 608 പേർ. ആദ്യ മൂന്ന് ഘട്ടങ്ങളിലും പശ്ചിമ ബംഗാളിൽ നിന്നുള്ളവരായിരുന്നു കൂടുതൽ. ഒഡീഷ, ബീഹാർ, അസാം, ഹരിയാന, രാജസ്ഥാൻ, ജാർഖണ്ഡ്, നാഗാലാൻഡ്, ഛത്തീസ്‌ഗഢ്, മേഘാലയ, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലുള്ളവരും മലയാളം പഠിക്കുന്നുണ്ട്. സർക്കാരിന്റെ വിവിധ ഇ -സേവനങ്ങളും ആനുകൂല്യങ്ങളുമടക്കം കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്ന തരത്തിൽ പാഠപുസ്തക നവീകരണം നടക്കുകയാണെന്നാണ് വിവരം.