'മുറിയിൽ കറുത്ത മാസ്‌കുകളും കത്തിയും ബട്ടൻസും, കൊലപാതകം അല്ലെങ്കിൽ അവൾക്ക് അബദ്ധം പറ്റിയത്'
അബുദാബി: തനിക്ക് മറ്റാരും ഇല്ലാത്തതിനാൽ അതുല്യയെ ചേർത്തുപിടിക്കാൻ നോക്കിയിരുന്നുവെന്നും അതുല്യയും താനും പരസ്‌പരം പൊസസീവ് ആയിരുന്നുവെന്നും ഭർത്താവ് സതീഷ് ശങ്കർ. താൻ മറ്റ് ആൾക്കാരുമായി സംസാരിക്കുന്നതും പുറത്തുപോകുന്നതും അതുല്യക്ക് ഇഷ്ടമായിരുന്നില്ല. അതിന്റെ പേരിൽ സ്വന്തം അമ്മയോട് പോലും താൻ സംസാരിക്കാറില്ലായിരുന്നുവെന്നും സതീഷ് പറഞ്ഞു. മാദ്ധ്യമങ്ങളോടായിരുന്നു പ്രതികരണം.
'ഞാൻ എവിടെപ്പോയാലും അതുല്യയും ഒപ്പമുണ്ടാവും. 2022ൽ എന്റെ ചേട്ടൻ മരിച്ചത് എനിക്ക് സഹിക്കാൻ പറ്റാത്ത ഒന്നായിരുന്നു. അതിനുശേഷം കഴിഞ്ഞ നവംബറിൽ അതുല്യ അബോർഷൻ ചെയ്തതാണ് ഞങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായത്. മൂന്ന് മാസം ഗർഭിണിയായിരുന്നു. നാട്ടിൽ പോയപ്പോൾ എന്റെ അനുവാദമില്ലാതെ അവൾ അബോർഷൻ ചെയ്തു. അത് എന്തിനാണെന്ന് എനിക്കറിയില്ല. അമ്മയാണ് ഒപ്പം പോയത്. ഈ കാര്യങ്ങൾക്കുശേഷമാണ് ഞാൻ ഞാനല്ലാതെ ആയത്. എനിക്ക് 40 വയസ് ആയി. ഡയബറ്റീസ് രോഗിയാണ്. അടുത്ത കുഞ്ഞ് കൂടി വന്നാൽ അത് പ്രശ്നം ആകും എന്നാണ് അവൾ പറഞ്ഞത്. പെട്ടുപോകുമെന്ന് ആരോ പറഞ്ഞു പഠിപ്പിച്ചതാണ്.
ഇന്നലെ സംഭവിച്ചത്, ഞാൻ നൈറ്റ് കഴിഞ്ഞ് വന്നതായിരുന്നു. വീക്കൻഡിന് സാധനം (മദ്യം) എടുക്കാറുണ്ട്. ആഹാരം കഴിച്ചതിനുശേഷം ഒരു സുഹൃത്ത് വിളിച്ചപ്പോൾ പുറത്തുപോയി. അപ്പോൾ അതുല്യ കുറേപ്രാവശ്യം വിളിച്ചു. ഞാൻ പുറത്തുപോകുമ്പോൾ സാധാരണ ഇതുപോലെ വിളിക്കാറുള്ളതിനാൽ മൈൻഡ് ചെയ്തില്ല. അതിനുശേഷം ഫാനിന്റെ വീഡിയോ കാട്ടി ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. അപ്പോൾ തന്നെ ഞാൻ പെട്ടെന്ന് വീട്ടിലെത്തി. പൂട്ടിയിരുന്ന കതക് തുറന്നുകിടക്കുകയായിരുന്നു. അതുല്യ ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. അവൾക്ക് നിൽക്കാൻ പറ്റുന്ന രീതിക്കാണ് കണ്ടത്. എമർജൻസി നമ്പറിൽ വിളിച്ചപ്പോൾ പറഞ്ഞതനുസരിച്ച് ഞാൻ എല്ലാം ചെയ്തു. ചെറിയൊരു ഞരക്കം മാത്രമാണ് ഉണ്ടായിരുന്നത്. ശേഷം പൊലീസ് വന്നു. ഞാൻ സ്റ്റേഷനിൽ പോയി എല്ലാ കാര്യങ്ങളും പറഞ്ഞു.
തിരികെ വന്നപ്പോൾ ഞങ്ങളുടെ കട്ടിൽ മാറി കിടക്കുന്നതാണ് കണ്ടത്. മാത്രമല്ല, ഒരു കത്തിയുമുണ്ടായിരുന്നു. ഏഴെട്ട് കറുത്ത മാസ്‌കുകളും ഫ്രിഡ്‌ജിന്റെ മുകളിലായി ഉണ്ടായിരുന്നു. കട്ടിലിൽ നിന്ന് ഒരു ബട്ടൻസ് കിട്ടി. അത് എന്റെ ബട്ടൻസ് അല്ല. അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ട്. ഒരുപാട് വിഷമം അനുഭവിച്ചവളാണ് അവൾ. അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.
പിരിയാം എന്നായിരുന്നു അവൾക്ക്. അവൾക്കുവേണ്ടിയാണ് ഷാർജയിൽ താമസിക്കുന്നത്. എന്റെ മദ്യപാനം ഒന്നുമല്ല പ്രശ്നം, അവൾക്ക് വേറെന്തോ സംഭവിച്ചതാണ്. ക്യാമറ പരിശോധിക്കാൻ ഞാൻ പറഞ്ഞിരുന്നു. കൊലപാതകം അല്ലെങ്കിൽ അവൾക്ക് അബദ്ധം പറ്റിയതാണ്. എന്നെ പേടിപ്പിക്കാൻ ചെയ്തതാണ്. ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പക്ഷേ തൂങ്ങിയപ്പോൾ എന്റെ കാൽ കട്ടിലിൽ തട്ടിനിന്നു. ഞാൻ നിന്നെങ്കിൽ അവൾക്കും പറ്റുമായിരുന്നു. അവളെ ഉപദ്രവിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഞാൻ മദ്യപാനി ആണെങ്കിൽ അവൾക്ക് എന്നെ ഉപേക്ഷിക്കാമായിരുന്നു.'- സതീഷ് പറഞ്ഞു.