വിതുരയിൽ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് പ്രതിഷേധം; രോഗി മരിച്ചു

Sunday 20 July 2025 2:49 PM IST

തിരുവനന്തപുരം: വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. ആശുപത്രിയിൽ എത്തിക്കാൻ വെെകിയതോടെ രോഗി മരിച്ചു. ആദിവാസി യുവാവായ ബിനുവാണ് (44) മരിച്ചത്. ആംബുലൻസിന്റെ കാലപ്പഴക്കവും ഇൻഷുറൻസും തീർന്നെന്ന് ആരോപിച്ച് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. 20 മിനിറ്റോളം ആംബുലൻസ് തടഞ്ഞുനിർത്തി കോൺഗ്രസ് പ്രതിഷേധിച്ചതായാണ് റിപ്പോർട്ട്.

ആത്മഹത്യക്ക് ശ്രമിച്ച ബിനുവിനെ ഉച്ചയോടെയാണ് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കോൺഗ്രസ് പ്രതിഷേധ സമരവുമായി വന്നത്. രോഗിയുടെ അവസ്ഥ വിശദീകരിക്കാൻ വന്ന ആശുപത്രി അധികൃതരോടും പ്രതിഷേധക്കാർ തട്ടിക്കയറിയതായാണ് റിപ്പോർട്ട്. പ്രതിഷേധം കഴിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ബിനു മരിക്കുകയായിരുന്നു.