സ്കൂൾ ഓർമ്മയുമായി അവർ ഒത്തു ചേർന്നു
കളമശേരി: പഠിച്ചിരുന്ന സ്‌കൂൾ ഓർമ്മയായി മാറിയെങ്കിലും സൗഹൃദത്തിന് മങ്ങലേറ്റില്ല. ഫാക്ട് വെസ്റ്റേൺ യു.പി. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഏലൂരിലെ ടൂറിസ്റ്റ് ഹോമിൽ ഒത്തചേർന്നു. സ്‌കൂൾ പ്രവർത്തിച്ചിരുന്നിടത്ത് ഇന്ന് കൂറ്റൻ പുകക്കുഴലുകളും പ്ലാന്റുകളുടെ കാതടപ്പിക്കുന്ന ശബ്ദവും മാത്രമാണുള്ളത്.
വില്ലിംഗ്ടൺ ഐലന്റിലുള്ള ഫാക്ടിന്റെ അമോണിയ ടാങ്ക് മാറ്റി സ്ഥാപിക്കണമെന്ന ഹൈക്കോടതി വിധിയെത്തുടർന്ന് ഏലൂർ ഉദ്യോഗമണ്ഡലിലേക്ക് മാറ്റി സ്ഥാപിച്ചപ്പോൾ, 1995ൽ വെസ്റ്റേൺ സ്‌കൂൾ പൊളിച്ചുമാറ്റുകയായിരുന്നു.
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുണ്ടായിരുന്ന വിദ്യാലയത്തിൽ ഏകദേശം 650 ഓളം കുട്ടികൾ ഒരേ വർഷം പഠിച്ചിരുന്നു. കൂട്ടത്തിൽ ഒരു നേഴ്‌സറി, 150 ഓളം ക്വാർട്ടേഴ്‌സുകൾ, സ്ലീപ്പിംഗ് ഷെൽട്ടർ, ഡോർമിറ്ററി തുടങ്ങിയവയും പൊളിച്ചുമാറ്റിയിരുന്നു.
അമ്പത് വർഷങ്ങൾക്ക്ശേഷം നാൽപ്പതോളം പൂർവ വിദ്യാർത്ഥികളാണ് ഒത്തചേർന്നത്. വിവിധ ബാച്ചുകളിലെ ഷഷ്ഠിപൂർത്തിയായവരും സപ്തതിയിലെത്തിയവരും കൂട്ടത്തിലുണ്ടായിരുന്നു.