 കലാലയങ്ങളെ സുരക്ഷിതമാക്കാൻ പദ്ധതി അറുത്തുമാറ്റും ലഹരിവേരുകൾ

Sunday 20 July 2025 6:31 PM IST

കൊച്ചി: ജില്ലയിലെ കോളേജുകളിൽ ലഹരിയുടെ വേരറുക്കാൻ ജില്ലാ ഭരണകൂടവും പൊലീസും എക്‌സൈസും ഒന്നിച്ചിറങ്ങുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചായിരിക്കും പദ്ധതി. 15 ദിവസം നീണ്ടുനിൽക്കുന്ന ആദ്യ ലഹരിവിരുദ്ധ ക്യാമ്പയിൻ ആഗസ്റ്റ് ഒന്നിന് തുടക്കമാകും.

വിജയകരമായി പൂർത്തിയാക്കിയ സ്‌കൂളുൾ ലഹരിയെ നിർമ്മാർജ്ജന പദ്ധതിക്ക് തുടർച്ചയായി കോളേജുകളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അശ്വതി ജിജി, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എൻ. സുധീർ എന്നിവർ യോഗംചേർന്നാണ് തീരുമാനം.

മെഡിക്കൽ, എൻജിനിയറിംഗ്, നഴ്‌സിംഗ് കോളേജുകൾ ഉൾപ്പെടെ സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് മേഖലയിലെ മുഴുവൻ കോളേജുകളും പദ്ധതിയുടെ ഭാഗമാകും.

ക്ലാസ് തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പും ക്ലാസ് കഴിഞ്ഞ് അര മണിക്കൂറും സ്ഥാപനത്തിന്റെ അടുത്ത് പൊലീസിന്റെയും എക്‌സൈസിന്റെയും സാന്നിദ്ധ്യം ഉറപ്പാക്കും. ലഹരി നിർമ്മാർജ്ജനം സാദ്ധ്യമാക്കുന്നതിനൊപ്പം, നിലവിൽ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കുറ്റവാളികളായി കാണാതെ ഇരകളായി കണ്ട് അവരെ ചേർത്തുപിടിച്ച് കൗൺസലിംഗ്, ചികിത്സ എന്നീ മാർഗങ്ങളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് പദ്ധതി ലക്ഷ്യം. ലഹരി വിതരണക്കാരുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായി കോളേജ് വിദ്യാർത്ഥികൾ മാറുന്ന സാഹചര്യത്തിലാണ് നടപടി.

 ആന്റി ഡ്രഗ് പോളിസി രൂപീകരിക്കും

കോളേജുകളിൽ ആന്റി ഡ്രഗ് പോളിസി രൂപീകരിക്കും. ഏറ്റവും മികച്ച പോളിസി രൂപീകരിക്കുകയും ക്യാമ്പസുകളെ ലഹരി വിരുദ്ധമാക്കുന്നതിന് മികച്ച പ്രവർത്തനം നടത്തുന്ന കോളേജിന് ജില്ലാ കളക്ടറുടെ പ്രത്യേക പുരസ്‌കാരം നൽകും. നിലവിലുള്ള സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്ക് സമാനമായിരിക്കും. കോളേജ് പ്രിൻസിപ്പൽ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കൊപ്പം പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരും ഗ്രൂപ്പുകളിൽ ഉണ്ടായിരിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചായിരിക്കും ഏകോപനം.

 48 കോളേജുകളിൽ

നിലവിൽ 48 കോളേജുകളിൽ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. 31നകം എല്ലാ കോളേജുകളിലും പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ, കോളേജ് പ്രിൻസിപ്പൽ എന്നിവർക്കാണ് ഇതിന്റെ ചുമതല. അതാത് പ്രദേശത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറോ എക്‌സൈസ് ഉദ്യോഗസ്ഥരോ ആയിരിക്കും ഗ്രൂപ്പുകളുടെ കൺവീനർ. എൻ.സി.സി., എൻ.എസ്.എസ്., എൻ.ജി.ഓകൾ തുടങ്ങിയവയെയും പദ്ധതിയുടെ ഭാഗമാക്കും.