കേരളത്തിലെ ഈ പ്രദേശങ്ങളില്‍ ഭൂമി വാങ്ങി കൂട്ടണോ? എല്ലാ സ്ഥലത്തിനും പൊന്നുംവിലയല്ല

Sunday 20 July 2025 7:18 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു വന്‍കിട പദ്ധതി വരുന്നുവെന്ന് കേട്ടാല്‍ മാത്രം മതി പിന്നെ ഭൂമി വില കുതിച്ചുയരും. പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്നത് മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ വില ഉയരുന്നതാണ് ട്രെന്‍ഡ്. പദ്ധതി നടപ്പിലാകുമോ അങ്ങനെയൊരു പദ്ധതിയുടെ ഭാവി എന്താണ് എന്ന് പോലും അറിയുന്നതിന് മുമ്പ് സ്ഥലക്കച്ചവടം പൊടിപൊടിക്കും. ഭൂമി വില്‍ക്കുന്നവരുടേയും വാങ്ങുന്നവരുടേയും എണ്ണം ഒരുപോലെ വര്‍ദ്ധിക്കും.

പലപ്പോഴും തെറ്റായ ധാരണകളാണ് ഇത്തരത്തില്‍ സ്ഥലക്കച്ചവടം വര്‍ദ്ധിക്കുന്നതിന് കാരണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തന്നെ ഒരു വിഭാഗമാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു വന്‍കിട പദ്ധതി വരുന്നുവെന്ന് കേട്ടയുടനെ സ്ഥലത്തിന് വില കൂടുമെന്നും വന്‍ ലാഭം കൊയ്യാമെന്നും കരുതേണ്ടതില്ല. വളരെ സൂക്ഷിച്ച് മാത്രം ഇടപാട് നടത്തിയില്ലെങ്കില്‍ കനത്ത നഷ്ടത്തിലേക്ക് പോലും കാര്യങ്ങള്‍ എത്തിയേക്കാം.

ആളുകള്‍ സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഭൂമി വാങ്ങിക്കൂട്ടാറുണ്ട്. വന്‍കിട പദ്ധതി പ്രദേശങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ വരെ ഈ വാങ്ങലും വില്‍ക്കലും സജീവമാണ്. പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുമ്പോള്‍ കിട്ടാന്‍ പോകുന്ന കനത്ത ലാഭമാണ് നിക്ഷേപമെന്ന നിലയില്‍ വാങ്ങുന്നവരെ ആകര്‍ഷിക്കുന്നതെങ്കില്‍, പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലുണ്ടായാല്‍ വലിയ നഷ്ടമുണ്ടാകുമോയെന്ന ആശങ്കയാണ് വിറ്റ് ഒഴിവാക്കുന്നതിന് പലരേയും പ്രേരിപ്പിക്കുന്നത്.

ഒരു സ്ഥലം വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മുന്‍പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ സമീപിക്കുക. അതിന് ശേഷം സ്ഥലത്തിന്റെ സാറ്റ്‌ലൈറ്റ് സര്‍വേ പൂര്‍ത്തിയാക്കിയതാണോയെന്ന് ഉറപ്പുവരുത്തുക, വന്‍കിട പദ്ധതികള്‍ വരാനിരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി ചോദിച്ച് മനസ്സിലാക്കുക. ഇതാണ് പ്രധാനമായും ഒരാള്‍ ചെയ്യേണ്ടത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മറ്റ് രേഖകള്‍ പരിശോധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ചോദിക്കുന്നത്.

മറിച്ച് വില്‍ക്കുന്നതിന് മാത്രമല്ല ഒപ്പം തന്നെ അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി സ്ഥാപനങ്ങള്‍ക്കും മറ്റും വാടകയ്ക്ക് നല്‍കാം എന്ന് കരുതി ഭൂമി വാങ്ങുന്നവരുമുണ്ട്. കൈവശമുള്ള ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമുണ്ട്. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് കൃത്യമായ വിവര ശേഖരണം നടത്താതെ കെട്ടിടം നിര്‍മിച്ചാല്‍ ഭാവിയില്‍ അവ പൊളിച്ച് നീക്കേണ്ടി വരും എന്ന അപകടവും പതിയിരിക്കുന്നുണ്ട്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിലെ ഭൂമിവില വര്‍ദ്ധിക്കുന്ന ട്രെന്‍ഡിന്റെ നേര്‍ക്കാഴ്ചയാണ്. കേരളത്തില്‍ ഭൂമി കിട്ടാനില്ല, ഉള്ളതിന് വന്‍ വില നല്‍കേണ്ടി വരും. വിഴിഞ്ഞം തുറമുഖം മുന്നില്‍ക്കണ്ട് കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിന്നുള്ള ഇടപെടല്‍ ഭൂമിക്ക് വില ഉയര്‍ത്തിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ പേര് പറഞ്ഞ് കൊല്ലം ജില്ലയില്‍ പോലും സ്ഥലത്തിന് വില കുത്തനെ കൂടുന്ന പ്രവണതയുണ്ട്. തുറമുഖത്തിന് സമീപ പ്രദേശത്തായി 600 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ആദ്യം ലക്ഷ്യമിട്ടത്. എന്നാല്‍ ഇത്രയും തുക ചെലവാക്കി ഭൂമി ഏറ്റെടുത്ത് സംരംഭകര്‍ക്ക് കൈമാറുക എന്നത് പ്രായോഗികമല്ല. മാത്രമല്ല, തീരപ്രദേശങ്ങളിലെ ജനസാന്ദ്രതയും ഭൂമി ഏറ്റെടുക്കല്‍ ദുഷ്‌കരമാക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലും നഗരത്തിലും വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി അനുബന്ധ മേഖലകളില്‍ വന്‍ നിക്ഷേപം പ്രതീക്ഷിച്ചുവെങ്കിലും കേരളത്തിലും തലസ്ഥാനത്തും വ്യവസായ മേഖലയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായോ? അങ്ങനെയൊരു ചോദ്യത്തോട് കാര്യമായ മാറ്റമൊന്നും സംഭവിക്കുന്നില്ല അല്ലെങ്കില്‍ അതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് വ്യവസായ സമൂഹം ഉന്നയിക്കുന്ന പ്രധാന ആരോപണം. തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്ഡക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് പ്രധാന വിമര്‍ശനം. അതുപോലെ തന്നെ ദീര്‍ഘവീക്ഷണത്തോടെ ഭാവിയെ മുന്നില്‍ക്കണ്ട് തയ്യാറെടുപ്പുകള്‍ നടത്താനും സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്.