വാല്മീകി തേടിയ 'രാമ'ന്റെ 15 ഗുണങ്ങള്‍

Monday 21 July 2025 12:20 AM IST
ആചാര്യശ്രീ രാജേഷ്

ഒരു ചോദ്യത്തില്‍നിന്നാണ് വാല്മീകിരാമായണം ആരംഭിക്കുന്നത്. ചോദിക്കുന്നത് വാല്മീകി, മറുപടി നാരദന്റേതും. ഇരാവരും പ്രഗത്ഭരായ ഋഷിവര്യന്മാര്‍. ചോദ്യമിതാണ് : ''ഈ ലോകത്ത് ഇന്ന് ഗുണവാന്‍ ആരാണ്? വീര്യവാനും ധര്‍മജ്ഞനും കൃതജ്ഞനും സത്യവാക്യനും ദൃഢവ്രതനും ചാരിത്രയുക്തനും സര്‍വഭൂതഹിതനും വിദ്വാനും സമര്‍ത്ഥനും ഏകപ്രിയദര്‍ശനനും ആത്മവാനും ജിതക്രോധനും ദ്യുതിമാനും അനസൂയകനും, യുദ്ധത്തില്‍ രോഷംപൂണ്ട ആരെയാണോ ദേവന്മാര്‍പോലും ഭയപ്പെടുന്നത് അങ്ങനെയുളളവനായി ആരാണുള്ളത്?''

ഈ ഗുണമുള്ളവർ വളരെ ദുര്‍ലഭമാണെന്നുംഎന്നാൽ അവയുള്ള ഒരു ഗുണവാന്‍ ഇക്ഷ്വാകുവംശത്തില്‍ ഉണ്ടെന്നും ദശരഥപുത്രനായ രാമനാണ് അതെന്നും നാരദന്‍ പറയുന്നു. ഒരുപക്ഷേ, രാമായണപഠിതാക്കളില്‍ പലരും വേണ്ടത്ര ശ്രദ്ധകൊടുക്കാതെ വിട്ടുകളയുന്ന, ആ 15 ഗുണങ്ങളാണ് ചുവടെ.

1.വീര്യവാന്‍: എന്തും സൃഷ്ടിച്ചെടുക്കാനും കെട്ടിപ്പൊക്കാനുമുള്ള വീര്യത്തോടുകൂടിയവന്‍. 2.ധര്‍മജ്ഞന്‍: ധര്‍മത്തെ അറിയുന്നവന്‍. 3.കൃതജ്ഞന്‍: അന്യര്‍ ചെയ്തുതന്ന ഉപകാരം - അതെത്ര ചെറുതാണെങ്കിലും അതില്‍ കൃതജ്ഞതയുള്ളവൻ. 4.സത്യവാക്യന്‍: സത്യം മാത്രം പറയുന്നവന്‍. 5.ദൃഢവ്രതന്‍: സ്വീകരിച്ച വ്രതങ്ങളെ ആപദ്ഘട്ടങ്ങളില്‍പോലും പരിത്യജിക്കാത്തവൻ. 6.ചാരിത്രയുക്തന്‍: നല്ല നടപ്പുള്ളന്‍, ആര്‍ക്കും ഒരു തെറ്റും കുറ്റവും ചൂണ്ടിക്കാണിക്കാന്‍ പറ്റാത്തവിധം നല്ല ചരിത്രത്തോടു കൂടിയവന്‍. 7.സര്‍വഭൂതഹിതന്‍: സര്‍വജീവജാലങ്ങളുടെയും ഹിതത്തെ നോക്കുന്നവൻ, സംരക്ഷിക്കുന്നവന്‍. 8.വിദ്വാന്‍: വേദവേദാംഗങ്ങളും ധനുര്‍വേദാദി ശാസ്ത്രങ്ങളും പഠിച്ചവൻ. 9.സമര്‍ത്ഥൻ: ഏതു കാര്യവും ചെയ്യാന്‍ കഴിവും കരുത്തുമുള്ളവന്‍. 10.ഏകപ്രിയദര്‍ശനന്‍: പണ്ഡിതനോടും പാമരനോടും ധനികനോടും ദരിദ്രനോടുമെല്ലാം ഒരേപോലെ പ്രിയം വെച്ചുപുലര്‍ത്തുന്നവന്‍. 11.ആത്മവാന്‍: ആത്മബലമുളളവൻ, അഥവാ ധൈര്യശാലി. 12.ജിതക്രോധന്‍: ക്രോധത്തിനുമേല്‍ സമ്പൂര്‍ണനിയന്ത്രണമുള്ളവൻ. 13.ദ്യുതിമാന്‍: ഉള്ളിലും പുറത്തും തിളക്കമുള്ളവന്‍. 14.അനസൂയകന്‍: ആരോടും അസൂയ ഇല്ലാത്തവന്‍. 15.യുദ്ധത്തില്‍ രോഷംപൂണ്ട ആരെയാണോ ദേവന്മാര്‍പോലും ഭയപ്പെടുന്നത് അവന്‍. അതായത്, അധര്‍മത്തോട് വിട്ടുവീഴ്ചയില്ലാത്തവൻ.

ശ്രീരാമന്റെ ഈ ഗുണങ്ങളെ എന്തിനാണ് നാമിന്ന് ചര്‍ച്ച ചെയ്യുന്നത്? ആധുനികകാലത്തും ഭാവിയിലും ഇവ പ്രസക്തമാണ്. ഒരു വ്യക്തി എങ്ങനെയായിത്തീരണമെന്നതിനുള്ള ഉത്തരമാണ് വാല്മീകി ഒരൊറ്റ ശ്ലോകത്തിലൂടെ നമ്മുക്ക് സമ്മാനിച്ചിരിക്കുന്നത്. നമ്മില്‍ വളര്‍ത്താന്‍ ശ്രമിക്കേണ്ട ഗുണങ്ങളാണിവ.