രാജവെമ്പാലയുടെ തലയോട്ടി വരെ തകര്‍ന്ന് പോകും; പാമ്പുകളുടെ രാജാവിന് ഭീഷണിയായുള്ള ജീവി

Sunday 20 July 2025 8:21 PM IST

പാമ്പുകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന ഇനമാണ് രാജവെമ്പാലയെന് കിംഗ് കോബ്ര. അറിഞ്ഞൊന്ന് കടിച്ചാല്‍ ഒറ്റയടിക്ക് ഒരു ആനയെ കൊല്ലാനുള്ള വിഷം വരെ പുറത്തേക്ക് തള്ളാന്‍ കഴിവുണ്ട് രാജവെമ്പാലകള്‍ക്ക്. അതായത് ഒരു കടിയില്‍ 20 മനുഷ്യരെ വരെ കൊല്ലാന്‍ കെല്‍പ്പുള്ള അത്രയും വിഷം. രാജവെമ്പാലകള്‍ പൊതുവേ പക്ഷേ അക്രമകാരികളല്ല. ഉള്‍വനങ്ങളില്‍ മാത്രം കഴിയാന്‍ ഇഷ്ടപ്പെടുന്ന അല്‍പ്പം നാണംകുണുങ്ങിയായ ഇനമെന്നാണ് വിദഗ്ദ്ധര്‍ ഇവയെ വിശേഷിപ്പിക്കുന്നത്.

പാമ്പുകളുടെ ശത്രു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവികളാണ് കീരികള്‍. പക്ഷേ കീരിയും രാജവെമ്പാലയും തമ്മിലുള്ള ഒരു പോരാട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലും ലഭ്യമല്ല. മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള പാമ്പുകളുമായി കീരികളുടെ പോരാട്ടത്തിന്റെ നിരവധി ദൃശ്യങ്ങള്‍ യൂട്യൂബില്‍ ഉള്‍പ്പെടെ ലഭ്യമാണ്. രാജവെമ്പാലയും കീരിയും തമ്മില്‍ ഒരു യുദ്ധം നടന്നാല്‍ ആരാകും വിജയിക്കുകയെന്നത് കാലങ്ങളായുള്ള ചോദ്യമാണ്. എന്നാല്‍ അത്തരമൊരു സാഹചര്യത്തിന് രണ്ട് പേരും ഇടകൊടുക്കില്ലെന്നതാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഉള്‍വനങ്ങളില്‍ കഴിയുന്ന രാജവെമ്പാലകളും മനുഷ്യവാസം കൂടുതലുള്ള സ്ഥലങ്ങളില്‍ കാണപ്പെടുന്ന കീരിയും തമ്മില്‍ പോരാട്ടത്തിന് സാദ്ധ്യത കുറവ് തന്നെയാണ്. പക്ഷേ രണ്ട് ജീവികളുടേയും പ്രത്യേകതകള്‍ പരിശോധിക്കുമ്പോള്‍ രാജവെമ്പാലയെ നേരിടുക മറ്റ് പാമ്പുകളെ നേരിടുന്നത് പോലെ എളുപ്പമാകില്ല കീരികള്‍ക്ക്. അതുപോലെ തന്നെ കീരിയുടെ ആക്രമണത്തില്‍ നിന്ന് തന്റെ ആകാരം കൊണ്ട് തന്നെ രക്ഷപ്പെടാന്‍ രാജവെമ്പാലകള്‍ക്ക് കഴിവുണ്ട്.

രാജവെമ്പാലകളുടെ ചെറിയ കടിയെ പ്രതിരോധിക്കാനുള്ള കഴിവ് കീരികള്‍ക്കുണ്ട്. എന്നാല്‍ തുടര്‍ച്ചയായി കടി കിട്ടിയാല്‍ അതിനെ അതിജീവിക്കാന്‍ കീരികള്‍ക്ക് കഴിയില്ല. നേരിട്ട് ഒരു പോരാട്ടത്തിന് ഇടവന്നാല്‍ പാമ്പില്‍ നിന്നുള്ള രണ്ടാമത്തെ കടി കിട്ടാന്‍ കീരികള്‍ അവസരം നല്‍കില്ലെന്നാണ് പറയപ്പെടുന്നത്. മാത്രവുമല്ല പാമ്പുകളെ നേരിടാന്‍ അത്യാവശ്യം പ്രാപ്തിയുള്ള കീരിയാണെങ്കില്‍ അതിന്റെ ഒരു കടി കിട്ടിയാല്‍ രാജവെമ്പാലയുടെ തലയോട്ടി വരെ തകര്‍ന്ന് പോകാന്‍ സാദ്ധ്യത കൂടുതലാണ്. കീരികളുടെ കൂര്‍ത്ത പല്ല്, വേഗത, ശരവേഗത്തില്‍ പ്രതികരിക്കാനുള്ള കഴിവ് എന്നിവയാണ് കീരികള്‍ക്ക് രാജവെമ്പാലയക്ക് മുകളില്‍ ആധിപത്യം നല്‍കുന്നത്.