നാണംകെട്ട് പാകിസ്ഥാന്‍; ബംഗ്ലാദേശിന് മുന്നില്‍ തകര്‍ന്ന് തരിപ്പണമായി

Sunday 20 July 2025 8:57 PM IST

മിര്‍പുര്‍ (ധാക്ക): പാകിസ്ഥാനെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിന് വിജയം. 111 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 15.3 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തില്‍ വിജയം കണ്ടു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഓപ്പണര്‍ തന്‍സീദ് ഹസന്‍ തമീം (ഒന്ന്), ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് (ഒന്ന് ) തൗഹിദ് ഹൃദോയ് എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. അര്‍ദ്ധ സെഞ്ച്വറി നേടി പര്‍വേസ് ഹുസൈന്‍ ഇമോന്‍ 56*(39) ജേക്കര്‍ അലി 15*(10) എന്നിവര്‍ പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.3 ഓവറില്‍ വെറും 109 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. വെറും മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. 34 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്ത ഓപ്പണര്‍ ഫഖര്‍ സമന്‍ ആണ് ടോപ് സ്‌കോറര്‍. ഖുഷ്ദില്‍ ഷാ 18(23), അബ്ബാസ് അഫ്രീദി 22(24) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. സയീം അയൂബ് 6(4), മുഹമ്മദ് ഹാരിസ് 4(3), ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ (3(9), ഹസന്‍ നവാസ് 0(4) എന്നീ മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തി.

മുഹമ്മദ് നവാസ് 3(5), ഫഹീം അഷ്‌റഫ് 5(10), സല്‍മാന്‍ മിര്‍സ 0(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറിംഗ്. അബ്രാര്‍ അഹമ്മദ് റണ്ണൊന്നുമെടുക്കാതെ നിന്നു. മൂന്ന് പാക് വിക്കറ്റുകള്‍ വീഴ്ത്തിയ ടാസ്‌കിന്‍ അഹ്‌മദ് ആണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്. മുസ്താഫിസുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെഹ്ദി ഹസന്‍, തന്‍സീം ഹസന്‍ സക്കീബ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.